ചെന്നൈ സൂപ്പർ കിംഗ്സ് ഐ പി എൽ ചാമ്പ്യൻസ്. അവസാന രണ്ടു പന്തിൽ 10 റൺസ് അടിച്ച് രവീന്ദ്ര ജഡേജ ആണ് ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഹീറോ ആയി മാറിയത് ഗുജറാത്ത ടൈറ്റൻസിന് എതിരെ അഞ്ചു വിക്കറ്റ് വിജയമാണ് അഹമ്മദാബാദിൽ ചെന്നൈ സ്വന്തമാക്കിയത്. ചെന്നൈയുടെ അഞ്ചാം കിരീടമാണിത്.
ഇന്ന് 215 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന് ഉറങ്ങിയ ചെന്നൈയുടെ ഇന്നിംഗ്സ് വെറും 3 പന്ത് മാത്രം എറിഞ്ഞ സമയത്ത് മഴ വില്ലനായി എത്തി. തുടർന്ന് രണ്ടാം ഇന്നിങ്സ് 15 ഓവർ ആക്കി ചുരുക്കി വിജയലക്ഷ്യം പുനർനിർണയിച്ചു. 15 ഓവറിൽ 171 റൺസ് ആയി സി എസ് കെയുടെ വിജയ ലക്ഷ്യം. പതിവു പോലെ ചെന്നൈ ഓപ്പണർമാരായ കോണ്വേയും റുതുരാജും അവർക്ക് നല്ല തുടക്കം നൽകി.
6.3 ഓവറിൽ 74 റൺസ് അവർ ഓപ്പണിംഗ് വിക്കറ്റിൽ ചേർത്തു. 16 പന്തിൽ 26 റൺസ് എടുത്ത റുതുരാജിനെയും 25 പന്തിൽ നിന്ന് 47 റൺസ് എടുത്ത കോണ്വേയെയും നൂർ അഹമ്മദ് പുറത്താക്കി ഗുജറാത്തിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. നൂർ അഹമ്മദിന്റെ ഗംഭീര ബൗളിംഗ് ചെന്നൈയുടെ റണ്ണെടുക്കുന്ന വേഗത കുറയാൻ കാരണമായി. 3 ഓവറിൽ 17 റൺസ് മാത്രം വഴങ്ങിയാണ് നൂർ രണ്ടു വിക്കറ്റ് എടുത്തത്.
രഹാനെയുടെ ബാറ്റിംഗ് ചെന്നൈയെ കളിയിൽ നിർത്തി. 10 ഓവർ കഴിഞ്ഞപ്പോൾ 112-2 എന്ന നിലയിൽ ആയിരുന്നു ചെന്നൈ.ജയിക്കാൻ 5 ഓവറിൽ 59 റൺസ് വെണം എന്ന നിലയിൽ. 13 പന്തിൽ നിന്ന് 27 റൺസ് എടുത്ത രഹാനെയെ മോഹിത് ശർമ്മ പുറത്താക്കി.
ഒരു വലിയ ഓവർ വരാത്തത് ലക്ഷ്യം ചെന്നൈയിൽ നിന്ന് മെല്ലെ അകറ്റാൻ തുടങ്ങി. പക്ഷെ ദൂബെയയുടെ തുടർച്ചയായി രണ്ടു സിക്സുകൾ ചെന്നൈയെ ലക്ഷ്യത്തിൽ നിർത്തി. 12 ഓവർ കഴിഞ്ഞപ്പോൾ സ്കോർ 133-3. ജയിക്കാൻ 3 ഓവറിൽ 38 റൺസ്.
13ആം ഓവറിൽ അമ്പാട്ടി റായിഡുവിന്റെ വെടിക്കെട്ട് ബാറ്റിംഗ് കളി ചെന്നൈയുടെ ഭാഗത്തേക്ക് തിരിച്ചു. മോഹിത് ശർമ്മയുടെ ആദ്യ മൂന്ന് പന്തിൽ നിന്ന് 16 റൺസ് അടിച്ച റയിഡു ചെന്നൈയുടെ ലക്ഷ്യം 15 പന്തിൽ നിന്ന് 22 എന്നാക്കി. റായിഡു അടുത്ത പന്തിൽ മോഹിതിന് തന്നെ ക്യാച്ച് നൽകി പുറത്തായി എങ്കിലും തന്റെ ഐ പി എല്ലിലെ അവസാന ഇന്നിംഗ്സിലെ റായിഡുവിന്റെ സംഭാവന ചെന്നൈക്ക് വിലമതിക്കാൻ ആകാത്തതായി. സ്കോർ 12.4 ഓവറിൽ 149/4.
അടുത്തതായി കളത്തിൽ എത്തിയ ധോണി ആദ്യ പന്തിൽ പുറത്ത്. കളിയിൽ വീണ്ടും ട്വിസ്റ്റ്. 13 ഓവർ കഴിഞപ്പോൾ സി എസ് കെ 150/5 എന്ന നിലയിൽ. ജയിക്കാൻ 2 ഓവറിൽ 21 റൺസ്. ജഡേജയും ദൂബെയും ക്രീസിൽ. ഷമി എറിഞ്ഞ ഓവറിൽ വന്നത് 8 റൺസ് മാത്രം. കളി അവസാന ഓവറിലേക്ക്.
അവസാന ഓവർ എറിയാൻ എത്തിയ മോഹിതിന് ഡിഫൻഡ് ചെയ്യാൻ ഉണ്ടായിരുന്നത് 13 റൺസ്. ദൂബെ സ്റ്റ്രൈക്കിൽ. ആദ്യ പന്തിൽ റണെടുക്കാൻ ദൂബെക്ക് ആയില്ല. രണ്ടാമത്തെ പന്തിൽ സിംഗിൽ മാത്രം. ജയിക്കാൻ 4 പന്തിൽ 12 റൺ. മൂന്നാം പന്തിലും സിംഗിൾ മാത്രം. നാലാം പന്തിലും ബൗണ്ടറി കണ്ടെത്താൻ സി എസ് കെക്ക് ആയില്ല. അവസാന രണ്ട് പന്തിൽ 10 റൺസ് എന്ന അവസ്ഥ.
അഞ്ചാം പന്തിൽ ജഡേജയുടെ സിക്സ്. പിന്നെ ഒരു പന്തിൽ ജയിക്കാൻ 4 റൺസ്. ജഡേജ അവസാന പന്തിൽ ബൗണ്ടറി അടിച്ച് സി എസ് കെയ്ക്ക് അഞ്ചാം കിരീടം ഉറപ്പിച്ചു കൊടുത്തു.
ഇന്ന് ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ടൈറ്റൻസ് ചെന്നൈയ്ക്കെതിരെ ഫൈനലില്‍ 214 റൺസ് ആണ് നേടിയത്. സായി സുദര്‍ശന്‍ 47 പന്തിൽ 96 റൺസുമായി ഗുജറാത്തിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ വൃദ്ധിമന്‍ സാഹയും ശുഭ്മന്‍ ഗില്ലുമാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. നാല് വിക്കറ്റാണ് ഗുജറാത്തിന് നഷ്ടമായത്.
ഓപ്പണര്‍മാര്‍ വെടിക്കെട്ട് തുടക്കം നൽകിയപ്പോള്‍ ഗുജറാത്ത് തുടക്കം മുതൽ കുതിയ്ക്കുകയായിരുന്നു. ഗില്ലിനെ ചഹാര്‍ കൈവിട്ടപ്പോള്‍ താരം 2 റൺസായിരുന്നു നേടിയത്. ചഹാര്‍ തന്നെ സാഹയുടെ ക്യാച്ചും കൈവിട്ടപ്പോള്‍ താരം 21 റൺസായിരുന്നു നേടിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 62 റൺസാണ് ഗുജറാത്ത് നേടിയത്.
20 പന്തിൽ 39 റൺസ് നേടിയ ശുഭ്മന്‍ ഗില്ലിനെ രവീന്ദ്ര ജഡേജയുടെ ബൗളിംഗിൽ മഹേന്ദ്ര സിംഗ് ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. 67 റൺസാണ് ഗിൽ – സാഹ കൂട്ടുകെട്ട് നേടിയത്.
ഗില്ലിന് പകരമെത്തിയ സായി കിഷോറിന് വേഗത്തിൽ റൺ സ്കോര്‍ ചെയ്യുവാന്‍ സാധിക്കാതെ വന്നപ്പോള്‍ ഗുജറാത്ത് പത്തോവറിൽ 86 റൺസാണ് ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയത്. പത്തോവറിന് ശേഷം സാഹയ്ക്കൊപ്പം സായി സുദര്‍ശനും ഇന്നിംഗ്സിന് വേഗത നൽകിയപ്പോള്‍ സാഹ തന്റെ അര്‍ദ്ധ ശതകം 36 പന്തിൽ പൂര്‍ത്തിയാക്കി.
സ്കോര്‍ ബോര്‍ഡിൽ 131 റൺസുള്ളപ്പോള്‍ വൃദ്ധിമന്‍ സാഹയെ ഗുജറാത്തിന് നഷ്ടമായി. 39 പന്തിൽ 54 റൺസ് നേടിയ താരത്തെ ചഹാര്‍ ആണ് പുറത്താക്കിയത്. 64 റൺസാണ് സാഹ – സായി കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ നേടിയത്. സായി സുദര്‍ശനും ഹാര്‍ദ്ദിക്കും ചേര്‍ന്ന് 23 പന്തിൽ തങ്ങളുടെ ഫിഫ്റ്റി കൂട്ടുകെട്ട് നേടിയപ്പോള്‍ അതിൽ ഹാര്‍ദ്ദിക് നേടിയത് 7 റൺസായിരുന്നു.
33 പന്തിൽ 81 റൺസ് നേടിയ കൂട്ടുകെട്ടിനെ ചെന്നൈയ്ക്ക് തകര്‍ക്കാനായത് അവസാന ഓവറിൽ മാത്രമാണ്. 47 പന്തിൽ 96 റൺസ് നേടിയ സായിയെ മതീഷ പതിരാന വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. ഹാര്‍ദ്ദിക് പാണ്ഡ്യ 12 പന്തിൽ 21 റൺസ് നേടി.