ശതകം നഷ്ടമായതിനും തോല്‍വിയുടെ ആഘാതത്തിനും തൊട്ട് പിന്നാലെ ഗെയിലിന് തിരിച്ചടിയായി പിഴയും

Sports Correspondent

ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരെ തോല്‍വിയേറ്റ് വാങ്ങിയ കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ മിന്നും താരം ക്രിസ് ഗെയിലിന് ഒരു റണ്‍സ് അകലെയാണ് ശതകം നഷ്ടമായത്. 63 പന്തില്‍ നിന്ന് 99 റണ്‍സ് നേടിയ താരം ജോഫ്രയുടെ പന്തില്‍ പുറത്താകുകയായിരുന്നു.

പുറത്താകലിന് ശേഷം തന്റെ ബാറ്റ് വലിച്ചെറിഞ്ഞ താരത്തിന്റെ പ്രകടനം ഇപ്പോള്‍ പിഴയുടെ രൂപത്തിലാണ് ഗെയിലിന് തിരിച്ചടിയായിരിക്കുന്നത്. ഈ അമര്‍ഷ പ്രകടനത്തിന്റെ അനന്തര ഫലമായി താരത്തിനെതിരെ മാച്ച് ഫീസിന്റെ പത്ത് ശതമാനം പിഴയായി ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ വിധിച്ചിട്ടുണ്ട്.

ഐപിഎല്‍ അച്ചടക്ക നിയമങ്ങളില്‍ ലെവല്‍ 1 ഒഫന്‍സ് 2.2 ആണ് ഗെയില്‍ നടത്തിയിരിക്കുന്നതെന്നും മാച്ച് റഫറിയുടെ ഈ തീരുമാനം അന്തിമമാണെന്നും ഗെയില്‍ കുറ്റം സമ്മതിക്കുന്നുണ്ടെന്നും ഐപിഎല്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.