ചെന്നൈ തിരുമ്പി വന്തിട്ടേ!!! മഹീഷ് തീക്ഷണയുടെ നാല് വിക്കറ്റ് നേട്ടത്തിന്റെ ബലത്തിൽ 23 റൺസ് വിജയം

ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ സീസണിലെ ആദ്യ വിജയം. അതും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 23 റൺസ് വിജയവുമായി. റോബിന്‍ ഉത്തപ്പയുടെയും ശിവം ഡുബേയുടെയും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 216/4 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിൽ ആര്‍സിബിയ്ക്ക്  193 റൺസ് മാത്രമേ 9 വിക്കറ്റ് നഷ്ടത്തിൽ നേടാനായുള്ളു.

ഫാഫ് ഡു പ്ലെസിയെയും അനുജ് റാവത്തിനെയും മഹീഷ് പുറത്താക്കിയപ്പോള്‍ കോഹ്‍ലിയെ മുകേഷും മാക്സ്വെല്ലിനെ രവീന്ദ്ര ജഡേജയും ആണ് മടക്കിയത്.

ഒരു ഘട്ടത്തിൽ 50/4 എന്ന നിലയിലേക്ക് വീണ ടീമിനെ സുയാഷ് പ്രഭുദേശായിയും ഷഹ്ബാസ് അഹമ്മദും ചേര്‍ന്നാണ് നൂറ് കടത്തിയത്. സുയാഷ് പ്രഭുദേശായിയെ പുറത്താക്കി മഹീഷ് തീക്ഷണ തന്റെ മൂന്നാം വിക്കറ്റും 33 പന്തിൽ നിന്നുള്ള 60 റൺസ് കൂട്ടുകെട്ടുമാണ് തകര്‍ത്തത്. 18 പന്തിൽ 34 റൺസാണ് സുയാഷ് നേടിയത്.

മത്സരം അവസാന ഏഴോവറിലേക്ക് കടന്നപ്പോള്‍ 101 റൺസായിരുന്നു ബാംഗ്ലൂര്‍ നേടേണ്ടിയിരുന്നത്. 27 പന്തിൽ 41 റൺസ് നേടിയ ഷഹ്ബാസ് അഹമ്മദിനെയും തീക്ഷണയാണ് പുറത്താക്കിയത്. അതേ ഓവറിൽ ദിനേശ് കാര്‍ത്തിക് നൽകിയ അവസരം മുകേഷ് ചൗധരി കൈവിട്ടില്ലായിരുന്നുവെങ്കിൽ താരത്തിന് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുവാന്‍ സാധിക്കുമായിരുന്നു.

മുകേഷ് ചൗധരി എറിഞ്ഞ 17ാം ഓവറിൽ ഡികെ രണ്ട് സിക്സും ഒരു ഫോറും നേടിയപ്പോള്‍ ഓവറിൽ നിന്ന് പിറന്നത് 23 റൺസായിരുന്നു. ഇതോടെ അവസാന മൂന്നോവറിലെ ലക്ഷ്യം 48 റൺസായി മാറി. എന്നാൽ വെറും 2 വിക്കറ്റ് മാത്രമാണ് ബാംഗ്ലൂരിന്റെ പക്കൽ അവശേഷിച്ചത്.

എന്നാൽ ഡ്വെയിന്‍ ബ്രാവോ 14 പന്തിൽ 34 റൺസ് നേടിയ ദിനേശ് കാര്‍ത്തിക്കിനെ വീഴ്ത്തി ആര്‍സിബിയുടെ അവസാന പ്രതീക്ഷയും ഇല്ലാതാക്കി.