പഞ്ചാബിനെതിരെ മികച്ച വിജയം നേടുമെന്ന നിലയിൽ നിന്ന് തകര്‍ന്നടിഞ്ഞ് ഡൽഹി ക്യാപിറ്റൽസ്. പവര്‍പ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 65 റൺസ് നേടിയ ഡൽഹി ഓപ്പണര്‍മാരായ ഫിലിപ്പ് സാള്‍ട്ടിന്റെയും ഡേവിഡ് വാര്‍ണറുടെയും ഉള്‍പ്പെടെ നാല് വിക്കറ്റുകള്‍ നേടിയ ഹര്‍പ്രീത് ബ്രാര്‍ ആണ് ഡൽഹിയുടെ അടിതെറ്റിച്ചത്. മത്സരത്തിൽ പിന്നീട് കരകയറാനാകാതെ ബുദ്ധിമുട്ടിയ ഡൽഹി 136 റൺസിലൊതുങ്ങിയപ്പോള്‍ പഞ്ചാബ് 31 റൺസ് വിജയം നേടി. ജയത്തോടെ പഞ്ചാബ് ആറാം സ്ഥാനത്തേക്കുയര്‍ന്നു.
പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 65 റൺസായിരുന്നു വിക്കറ്റ് നഷ്ടമില്ലാതെ ഡൽഹി ക്യാപിറ്റൽസ് നേടിയത്. എന്നാൽ തൊട്ടടുത്ത ഓവറിൽ ഫിലിപ്പ് സാള്‍ട്ടിനെ ഡൽഹിയ്ക്ക് നഷ്ടമായി. 21 റൺസ് നേടിയ സാള്‍ട്ടിനെ ഹര്‍പ്രീത് ബ്രാര്‍ പുറത്താക്കിയപ്പോള്‍ 69 റൺസാണ് വാര്‍ണര്‍ – സാള്‍ട്ട് കൂട്ടുകെട്ട് നേടിയത്.
തൊട്ടടുത്ത ഓവറിൽ ഡേവിഡ് വാര്‍ണര്‍ തന്റെ അര്‍ദ്ധ ശതകം നേടിയെങ്കിലും മിച്ചൽ മാര്‍ഷിനെ ആ ഓവറിൽ നഷ്ടമായത് ഡൽഹിയ്ക്ക് വലിയ തിരിച്ചടിയായി. അടുത്ത ഓവറിൽ റൈലി റോസ്സോവിനെ ബ്രാര്‍ പുറത്താക്കിയപ്പോള്‍ 69/0 എന്ന നിലയിൽ നിന്ന് ഡൽഹി 81/3 എന്ന നിലയിലേക്ക് വീണു. അതേ ഓവറിലെ അവസാന പന്തിൽ ബ്രാര്‍ ഡേവിഡ് വാര്‍ണറെയും വീഴ്ത്തിയപ്പോള്‍ ടീം 9 ഓവറിൽ 86/4 എന്ന നിലയിൽ പരുങ്ങലിലായി.
പവര്‍പ്ലേയ്ക്ക് ശേഷം അടുത്ത ആറോവറിൽ 30 റൺസ് നേടുന്നതിനിടെ ഡൽഹിയ്ക്ക് 6 വിക്കറ്റാണ് നഷ്ടമായത്. ഈ തിരിച്ചടിയിൽ നിന്ന് ടീമിന് കരകയറാനാകാതെ പോയപ്പോള്‍ പഞ്ചാബ് 31 റൺസ് വിജയം കൈവരിച്ചു. ഏഴാം വിക്കറ്റിൽ പ്രവീൺ ഡുബേ – അമന്‍ ഹക്കീം കൂട്ടുകെട്ട് 30 റൺസ് നേടിയെങ്കിലും ഇതിനായി 33 പന്തുകള്‍ അവര്‍ നേരിട്ടും. അവസാന നാലോവറിൽ ഡൽഹി 49 റൺസായിരുന്നു നേടേണ്ടിയിരുന്നത്.
8 വിക്കറ്റ് നഷ്ടത്തിൽ 136 റൺസ് മാത്രമേ ചേസിംഗിനിറങ്ങിയ ഡൽഹിയ്ക്ക് നേടാനായുള്ളു.