ഇന്നലത്തെ മത്സരത്തില്‍ മത്സരം ഏറെക്കുറെ വിജയിച്ചുവെന്ന നിമിഷത്തിലാണ് സണ്‍റൈസേഴ്സിന് തിരിച്ചടിയായി ഭുവനേശ്വര്‍ കുമാറിന്റെ പരിക്ക് വന്നെത്തുന്നത്. 19ാം ഓവറിന്റെ ആദ്യ പന്ത് എറിഞ്ഞ ശേഷം പരിക്കേറ്റ താരം തന്റെ ബൗളിംഗ് പൂര്‍ത്തിയാക്കുവാനാകാതെ മടങ്ങുകയായിരുന്നു. ടീം ഫിസിയോ എത്തി പരിചരിച്ച ശേഷം പന്തെറിയുവാനെത്തിയ ഭുവി എന്നാല്‍ അത് പൂര്‍ത്തിയാക്കാനാകാതെ മടങ്ങുകയായിരുന്നു.
പിന്നീട് ഖലീല്‍ അഹമ്മദ് ആണ് ഓവര്‍ പൂര്‍ത്തിയാക്കിയത്. അവസാന ഓവറില്‍ 28 റണ്‍സ് ലക്ഷ്യം അബ്ദുള്‍ സമാദ് പ്രതിരോധിക്കുകയായിരുന്നു. ഏറെ കാലമായി പരിക്ക് അലട്ടിയിരുന്ന താരം പലപ്പോഴായി മത്സരങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ വിന്‍ഡീസിനെതിരെയേറ്റ പരിക്കിനെത്തുടര്‍ന്ന് എന്‍സിഎയില്‍ റീഹാബ് കഴിഞ്ഞാണ് താരം ഐപിഎലിലേക്ക് എത്തിയത്. ഇതിനിടെ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരെയുള്ള പരമ്പര താരത്തിന് നഷ്ടമായിരുന്നു.
ഇപ്പോള്‍ ഐപിഎലില്‍ താരത്തിന്റെ പരിക്ക് എത്ര ഗുരുതരമാണെന്നത് വ്യക്തമല്ലെങ്കിലും കുറഞ്ഞത് ഒന്നോ രണ്ടോ മത്സരങ്ങളില്‍ താരം പുറത്തിരിക്കുവാനാണ് സാധ്യത. സണ്‍റൈസേഴ്സിന്റെ അടുത്ത മത്സരം നാളെ മുംബൈ ഇന്ത്യന്‍സിനെതിരെയാണ്. മുംബൈ പോലുള്ള ശക്തമായ ബാറ്റിംഗ് നിരയ്ക്കെതിരെ ഭുവിയുടെ അഭാവം സണ്‍റൈസേഴ്സിന് ശക്തമായ തിരിച്ചടിയായി മാറിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.