റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള തങ്ങളുടെ തീരുമാനം തെറ്റായിരുന്നെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ ഓയിൻ മോർഗൻ. ബാംഗ്ലൂർ ബൗളർമാർ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും തെറ്റുകളിൽ നിന്ന് പാഠം ഉൾകൊണ്ട് അടുത്ത മത്സരത്തിൽ ഇതെല്ലം തിരുത്തുമെന്നും കൊൽക്കത്ത ക്യാപ്റ്റൻ പറഞ്ഞു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ 4 വിക്കറ്റുകൾ നഷ്ടപെട്ടത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കാര്യങ്ങൾ എളുപ്പമാക്കിയില്ലെന്നും ഐ.പി.എൽ പോലൊരു ടൂർണമെന്റിൽ എല്ലാ മത്സരത്തിലും ടീം എപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കണമെന്നും മോർഗൻ പറഞ്ഞു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 20 ഓവറിൽ 84 റൺസ് മാത്രമാണ് എടുക്കാനായത്. തുടർന്ന് രണ്ട് വിക്കറ്റ് നഷ്ടത്തിൽ ആർ.സി.ബി ലക്‌ഷ്യം കാണുകയും ചെയ്തിരുന്നു. 4 ഓവറിൽ 8 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജിന്റെ ബൗളിംഗ് ആണ് ആർ.സി.ബിക്ക് മത്സരത്തിൽ ആധിപത്യം നേടിക്കൊടുത്തത്. കൂടാതെ ഐ.പി.എൽ ചരിത്രത്തിൽ ആദ്യമായി ഒരു ഐ.പി.എൽ മത്സരത്തിൽ രണ്ട് മെയ്ഡൻ ഓവറുകൾ എറിഞ്ഞ താരമായും മുഹമ്മദ് സിറാജ് മാറിയിരുന്നു.













