ഇന്നലെ രാജസ്ഥാൻ റോയൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപ്പിച്ചിരുന്നു. എന്നാൽ രാജസ്ഥാന്റെ ചെയ്സിൽ സഞ്ജു സാംസണും രാജസ്ഥാനും എടുത്ത ഒരു തീരുമാനത്തിൽ വിമർശനങ്ങൾ ഉയരുകയാണ്. അത് അശ്വിനെ ഹെറ്റ്മയറിനും റോമൻ പവലിനും മുമ്പ് ഇറക്കാനുള്ള തീരുമാനം ആയിരുന്നു. രാജസ്ഥാൻ റോയൽസ് 224 എന്ന വലിയ ടാർഗറ്റ് ചെയ്സ് ചെയ്യവെ എന്തിനാണ് അശ്വിനെ നേരത്തെ ഇറക്കിയത് എന്ന ചോദ്യമാണ് ക്രിക്കറ്റ് നിരീക്ഷകരും ആരാധകരും ഒരു പോലെ ചോദിക്കുന്നത്.
ആദ്യം ബാറ്റു ചെയ്യവെ വിക്കറ്റുകൾ പോകുമ്പോൾ സമ്മർദ്ദത്തിൽ ആകാതിരിക്കാൻ അശ്വിനെ ഇറക്കുന്നത് പോലെ ആയിരുന്നില്ല ഇന്ന് അശ്വിനെ ഇറക്കിയ സാഹചര്യം. മികച്ച റൺറേറ്റിൽ രാജസ്ഥാൻ പോകവെ ആയിരുന്നു അശ്വിൻ കളത്തിൽ ഇറങ്ങിയത്. അശ്വിൻ ഇറങ്ങുമ്പോൾ 8.4 ഓവറിൽ രാജസ്ഥാൻ റോയൽസ് 100 റണ്ണിൽ ആയിരുന്നു.
അശ്വിൻ റൺറേറ്റ് കുറയാൻ കാരണമായി. 11 പന്തിൽ നിന്ന് 8 റൺസ് മാത്രമാണ് അശ്വിൻ എടുത്തത്. ഇത് രാജസ്ഥാന്റെ ചെയ്സ് ടഫ് ആക്കി എന്ന് പറയാം. അശ്വിനു പകരം ഹെറ്റ്മയറോ പവലോ വന്നിരുന്നു എങ്കിൽ എന്ന് ഏവരും ആഗ്രഹിച്ചു പോയിരുന്നു. പവൽ ഇന്നലെ എട്ടാമൻ ആയാണ് ഇറങ്ങിയത്. വെസ്റ്റിൻഡീസ് ടീമിന്റെ ക്യാപ്റ്റൻ ആയ പവൽ വെസ്റ്റിൻഡീസ് ടീമിൽ നാലാം സ്ഥാനത്തും അഞ്ചാമതും ഇറങ്ങുന്ന താരമാണ്.
തനിക്ക് നേരത്തെ ഇറങ്ങാൻ ആഗ്രഹം ഉണ്ടെന്ന് പവൽ ഇന്നലെ മത്സര ശേഷം പറഞ്ഞിരുന്നു. ഹെറ്റ്മയറും പവലും മികച്ച ബാറ്റർമാർ ആണെന്നിരിക്കെ അവർക്ക് മുന്നിൽ അശ്വിനെ എന്തിന് ഇറക്കുന്നു എന്ന ചോദ്യത്തിനു മുന്നിൽ ഉത്തരം ഇല്ലാതെ നിൽക്കുകയാണ് രാജസ്ഥാൻ റോയൽസ്.