സഞ്ജുവിനെതിരെ അവസാന ഓവറില്‍ 13 റണ്‍സ് ലക്ഷ്യം ഉള്ളപ്പോള്‍ പന്തെറിയുവാന്‍ പഞ്ചാബ് കിംഗ്സ് ദൗത്യം ഏല്പിച്ചത് യുവതാരം അര്‍ഷ്ദീപ് സിംഗിനെ ആയിരുന്നു. ഓവറില്‍ നിന്ന് വെറും 8 റണ്‍സ് മാത്രം വിട്ട് നല്‍കിയ താരം അവസാന പന്തില്‍ സഞ്ജുവിനെയും വീഴ്ത്തി പഞ്ചാബിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു. ആ ഓവര്‍ എറിയുന്നതിന് മുമ്പ് തന്റെ ഹൃദയമിടിപ്പ് വളരെ വലുതായിരുന്നുവെന്ന് അര്‍ഷ്ദീപ് സിംഗ് വ്യക്തമാക്കി.
തന്റെ പദ്ധതി സഞ്ജുവിനെതിരെ ഓഫ് സ്റ്റംപിന് വെളിയില്‍ പന്തെറിയുക എന്നതായിരുന്നുവെന്നും താരത്തിന് ബൗണ്ടറി അല്ലാതെ സിക്സ് നേടാനാകരുതെന്നായിരുന്നുവെങ്കിലും സഞ്ജു തന്നെ ഒരു സിക്സര്‍ പറത്തിയെങ്കിലും താന്‍ തന്റെ പദ്ധതിയുമായി മുന്നോട്ട് പോകുകയും അത് ഫലം കാണുകയും ചെയ്തുവെന്ന് അര്‍ഷ്ദീപ് പറഞ്ഞു.
സ്റ്റാഫും ക്യാപ്റ്റനും വളരെ പിന്തുണ നല്‍കുന്നവരാണെന്നും പ്രാക്ടീസ് മാച്ച് മുതല്‍ തന്റെ റോള്‍ എന്താണെന്ന് അവര്‍ വിശദീകരിക്കുന്നുണ്ടെന്നും അര്‍ഷ്ദീപ് പറഞ്ഞു. അത് തനിക്ക് നല്ല ആത്മവിശ്വാസം നല്‍കിയെന്നും സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ മികച്ച ഫോം തുടരുവാന്‍ തനിക്ക് സാധിച്ചുവെന്നും അര്‍ഷ്ദീപ് പറഞ്ഞു.
അര്‍ഷ്ദീപ് തന്റെ നാലോവറില്‍ 35 റണ്‍സ് വിട്ട് നല്‍കി 3 വിക്കറ്റാണ് നേടിയത്.