ആളുകള്‍ക്ക് ഹോസ്പിറ്റലുകള്‍ ലഭിക്കാതിരിക്കുമ്പോള്‍ ഐപിഎലിനായി ഇത്ര പണം എങ്ങനെ ചെലവാക്കുവാന്‍ തോന്നുന്നു – ആന്‍ഡ്രൂ ടൈ

ഐപിഎലില്‍ നിന്ന് പിന്മാറുന്നതായി കഴിഞ്ഞ ദിവസമാണ് ഓസ്ട്രേലിയന്‍ താരം ആന്‍ഡ്രൂ ടൈ പറഞ്ഞത്. വ്യക്തിപരമായ കാരണങ്ങളാണ് പിന്മാറ്റത്തിന് കാരണമെന്ന് രാജസ്ഥാന്‍ റോയല്‍സ് താരം പറഞ്ഞുവെങ്കിലും പിന്നീട് പ്രതീക്ഷിച്ച പോലെ കോവിഡ് സാഹചര്യം തന്നെയാണ് താരത്തിന്റെ പിന്മാറ്റത്തിന് കാരണമെന്ന് വ്യക്തമാകുകയായിരുന്നു.

ബയോ ബബിളില്‍ തങ്ങള്‍ താരങ്ങള്‍ സുരക്ഷിതരാണെന്നും എന്നാല്‍ ഇന്ത്യക്കാരുടെ പക്ഷത്ത് നിന്ന് ചിന്തിക്കകയാണെങ്കില്‍ അവര്‍ അത്ര സുരക്ഷിതരാണോ എന്ന് ചിന്തിക്കേണ്ട കാര്യമാണെന്നും ടൈ പറഞ്ഞു. ഈ കമ്പനികളും ഫ്രാഞ്ചൈസികളും ഐപിഎലിന് വേണ്ടി ഇത്രയും പൈസ ചെലവാക്കുമ്പോളാണ് പുറത്ത് ആളുകള്‍ക്ക് ആശുപത്രികളില്‍ ഇടം ലഭിയ്ക്കാതെ കഷ്ടപ്പെടുന്നതെന്നതും ചിന്തിക്കേണ്ട ഒരു കാര്യമാണെന്ന് ടൈ പറഞ്ഞു.

ഐപിഎല്‍ ഇന്ത്യക്കാര്‍ക്ക് വളരെ ആശ്വാസം നല്‍കുന്ന ഒരു ഈവന്റ് ആണെന്നും അത് ആളുകള്‍ക്ക് ഈ കഷ്ട സമയത്ത് പ്രതീക്ഷ നല്‍കുന്ന ഒന്നാണെന്നുമുള്ള കാഴ്ചപ്പാടുകള്‍ ഉയര്‍ന്ന് വരുന്നുവെന്നത് താന്‍ സമ്മതിക്കുന്നുണ്ടെങ്കിലും എല്ലാവരും അത്തരത്തില്‍ ചിന്തിക്കുന്നവരാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും ടൈ പറഞ്ഞു.

അധികാരികള്‍ക്കും സര്‍ക്കാരിനും എല്ലാം ഈ കാഴ്ചപ്പാടാണെങ്കില്‍ ഐപിഎല്‍ മുന്നോട്ട് തന്നെ പോകട്ടേ എന്നാണ് തനിക്ക് പറയാനുള്ളതെന്നും ആന്‍ഡ്രൂ ടൈ പറഞ്ഞു.