ടോപ് ഓര്‍ഡര്‍ തകര്‍ന്നുവെങ്കിലും എബി ഡി വില്ലിയേഴ്സിന്റെ ബാറ്റിംഗ് മികവില്‍ 171 റണ്‍സ് നേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഇന്ന് 42 പന്തില്‍ പുറത്താകാതെ 75 റണ്‍സ് നേടിയ എബി ഡി വില്ലിയേഴ്സ് അഞ്ച് സിക്സ് അടക്കം നടത്തിയ വെടിക്കെട്ട് ഇന്നിംഗ്സിന്റെ ബലത്തിലാണ് 5 വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി 171 എന്ന സ്കോര്‍ നേടിയത്. മാര്‍ക്കസ് സ്റ്റോയിനിസ് എറിഞ്ഞ അവസാന ഓവറില്‍ 23 റണ്‍സ് പിറന്നതോടെ കാര്യങ്ങള്‍ ആര്‍സിബിയ്ക്ക് അനുകൂലമായി മാറുകയായിരുന്നു.
മികച്ച തുടക്കം നല്‍കുവാന്‍ ദേവ്ദത്ത് പടിക്കലിനും വിരാട് കോഹ്‍ലിയ്ക്കും സാധിച്ചുവെങ്കിലും രണ്ട് ഓവറുകളിലായി തുടരെയുള്ള രണ്ട് വിക്കറ്റുകളായി കോഹ്‍ലിയും പടിക്കലും പുറത്തായത് ആര്‍സിബിയുടെ ബാറ്റിംഗിന് തിരിച്ചടിയാകുകയായിരുന്നു. 30 റണ്‍സായിരുന്നു ഈ കൂട്ടുകെട്ട് നേടിയത്. ആദ്യം കോഹ്‍ലിയെ(12) അവേശ് ഖാന്‍ പുറത്താക്കിയപ്പോള്‍ തൊട്ടുപുറകെ അടുത്ത പന്തില്‍ ഇഷാന്ത് ശര്‍മ്മ ദേവ്ദത്ത് പടിക്കലിനെ വീഴ്ത്തി. 17 റണ്‍സാണ് താരം നേടിയത്.
30/0 എന്ന നിലയില്‍ നിന്ന് 30/2 എന്ന നിലയിലേക്ക് വീണ ബാംഗ്ലൂരിനെ ഗ്ലെന്‍ മാക്സ്വെല്ലും രജത് പടിദാറും ചേര്‍ന്ന് മികച്ച സ്കോറിലേക്ക് നയിക്കുമെന്ന ഘട്ടത്തില്‍ കൂറ്റനടിക്ക് ശ്രമിച്ച് മാക്സ്വെല്‍ പുറത്തായി. 25 റണ്‍സ് നേടിയ മാക്സ്വെല്‍ പുറത്താകുമ്പോള്‍ 30 റണ്‍സാണ് താരം പടിദാറുമായി ചേര്‍ന്ന് നേടിയത്.
പകരം ക്രീസിലെത്തിയ എബി ഡി വില്ലിയേഴ്സിനൊപ്പം 54 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടാണ് രജത് പടിദാര്‍ നേടിയത്. 22 പന്തില്‍ നിന്ന് 31 റണ്‍സ് നേടിയ താരം സ്കോറിംഗ് റേറ്റ് ഉയര്‍ത്തുവാന്‍ ശ്രമിക്കുന്നതിനിടെ അക്സര്‍ പട്ടേലിന് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു. 14.5 ഓവറില്‍ 114/4 എന്ന നിലയിലായിരുന്നു ബാംഗ്ലൂര്‍ അപ്പോള്‍.