ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലേഴ്‌സിനോട് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ തീരുമാനം പിൻവലിക്കാൻ ആവശ്യപ്പെട്ട് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരത്തിന് ശേഷമായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകന്റെ പ്രതികരണം.
മത്സരത്തിൽ 33 പന്തിൽ നിന്ന് 73 റൺസ് നേടിയ വെടിക്കെട്ട് പ്രകടനം നടത്തിയ ഡിവില്ലേഴ്‌സ് ടീമിന് 82 റൺസിന്റെ ഉജ്ജ്വല ജയം നേടികൊടുത്തിരുന്നു. തുടർന്നാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം എബി ഡിവില്ലേഴ്‌സ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രവി ശാസ്ത്രി ട്വിറ്ററിൽ പോസ്റ്റ് ഇട്ടത്.
എബി ഡിവില്ലേഴ്സിന്റെ പ്രകടനത്തിൽ യാതൊരു കുറവും വന്നിട്ടില്ലെന്നും ഇന്നലെ താരത്തിന്റെ ഇന്നിംഗ്സ് അത്രയും മികച്ചതായിരുന്നെന്നും രവി ശാസ്ത്രി പറഞ്ഞു. 2018ലാണ് എബി ഡിവില്ലേഴ്‌സ് അന്ത്രരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച ഫോമിലുള്ള ഡിവില്ലേഴ്‌സ് 7 മത്സരങ്ങളിൽ നിന്ന് 228 റൺസ് നേടിയിട്ടുണ്ട്.