ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങുന്നതിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കൊൽക്കത്തക്ക് ആശ്വാസ വാർത്ത. തങ്ങളുടെ വിദേശ താരങ്ങളായ ഓയിൻ മോർഗനും ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസും തങ്ങളുടെ ആദ്യ മത്സരങ്ങൾക്ക് ഉണ്ടാവുമെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സി.ഇ.ഓ വെങ്കി മൈസൂർ വ്യക്തമാക്കി. സെപ്റ്റംബർ 23നാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ആദ്യ മത്സരം.
നിലവിൽ താരങ്ങൾ ഇംഗ്ലണ്ട് – ഓസ്ട്രേലിയ ഏകദിന പരമ്പരയിൽ പങ്കെടുക്കുകയാണ്. എന്നാൽ സെപ്റ്റംബർ 16ന് മാത്രം അവസാനിക്കുന്ന പരമ്പരയിൽ പങ്കെടുക്കുന്ന താരങ്ങൾ തിരിച്ചുവന്നാൽ കൊൽക്കത്തയുടെ ആദ്യ മത്സരങ്ങൾക്ക് ഉണ്ടാവുമോ എന്ന സംശയം ഉടലെടുത്തിരുന്നു. എന്നാൽ അബുദാബിയിൽ താരങ്ങൾ എത്തിയാൽ 14 ദിവസം താരങ്ങൾ ക്വറന്റൈനിൽ നിൽക്കേണ്ടി വരുമെന്നതിൽ നിന്ന് അധികൃതർ ഇളവ് നൽകിയതോടെയാണ് താരങ്ങൾക്ക് കൊൽക്കത്തയുടെ ആദ്യ മത്സരങ്ങൾക്ക് ഇറങ്ങാനാവുക. പുതിയ നിർദേശ പ്രകാരം ഇന്ത്യൻ പ്രീമിയർ ലീഗിന് വേണ്ടി അബുദാബിയിൽ എത്തുന്ന താരങ്ങൾ 6 ദിവസം മാത്രം ക്വറന്റൈനിൽ കഴിഞ്ഞാൽ മതിയാവും. ഇംഗ്ലണ്ട് – ഓസ്ട്രേലിയ പരമ്പരയിലെ ബയോ സുരക്ഷയിൽ നിന്ന് താരങ്ങൾ വരുന്നതുകൊണ്ടാണ് ഇത്തരത്തിൽ ക്വറന്റൈൻ ഇളവ് അനുവദിക്കാൻ അധികൃതർ തയ്യാറായത്.