ഇന്ത്യയുടെ പുതിയ ബാറ്റിംഗ് കോച്ചായി എത്തിയ വിക്രം റാഥോര്‍ പറയുന്നത് ഇന്ത്യയുടെ മധ്യ നിരയുടെ പ്രശ്നങ്ങള്‍ ഇപ്പോളുമുണ്ടെന്നും അത് മാറ്റിയെടുക്കേണ്ടത് ആണ് ഏറ്റവും വലിയ തലവേദനയെന്നാണ്. ഏകദിന ഫോര്‍മാറ്റിലാണ് നാലാം നമ്പര്‍ സ്പോട്ട് ഇന്ത്യയ്ക്ക് വലിയ തലവേദനയായിരിക്കുന്നത്. അത് പോലെ തന്നെ ടെസ്റ്റിലെ ഓപ്പണിംഗ് കൂട്ടുകെട്ടും ഇന്ത്യ ശരിയാക്കി എടുക്കേണ്ടതുണ്ടെന്ന് വിക്രം റാഥോര്‍ പറഞ്ഞു. ഏകദിനത്തില്‍ നാലാം നമ്പറിനായി ശ്രേയസ്സ് അയ്യരും മനീഷ് പാണ്ടേയും പരിഗണിക്കപ്പെടേണ്ട താരങ്ങളാണ്. കഴിഞ്ഞ ഏതാനും മത്സരങ്ങളില്‍ ശ്രേയസ്സ് അയ്യര്‍ മികവ് പുലര്‍ത്തിയിട്ടുണ്ട്. പ്രാദേശിക തലത്തിലും ഇന്ത്യ എ യ്ക്ക് വേണ്ടിയും മനീഷും ശ്രേയസ്സും മികവ് പുലര്‍ത്തുന്നുണ്ടെന്നും ഇവര്‍ക്ക് നാലാം നമ്പര്‍ സ്ഥാനത്തെ സമ്മര്‍ദ്ദം കൈകാര്യം ചെയ്യാനാകുമെന്നുമാണ് കരുതപ്പെടുന്നതെന്നും വിക്രം റാഥോര്‍ പറഞ്ഞു.
ഇവര്‍ക്ക് വേണ്ടത്ര പിന്തുണ ബോര്‍ഡില്‍ നിന്നും ടീം മാനേജ്മെന്റില്‍ നിന്നും ഉണ്ടാകുമെന്ന് ഉറപ്പാക്കുകയാണ് ഇനി പ്രധാനമെന്ന് വിക്രം റാഥോര്‍ പറഞ്ഞു. ശരിയായ തയ്യാറെടുപ്പുകളോടെ ഇവരെ മുന്നോട്ട് നയിപ്പിക്കേണ്ടതുണ്ടെന്നും റാഥോര്‍ വ്യക്തമാക്കി. ഇരുവര്‍ക്കും മികവ് പുലര്‍ത്തുവാനുള്ള പ്രതിഭയുണ്ടെന്നത് നിസ്സംശയമാണെന്നും റാഥോര്‍ സൂചിപ്പിച്ചു.
ഇത് കൂടാതെ മറ്റൊരു പ്രശ്നം ടെസ്റ്റിലെ ഓപ്പണിംഗ് കൂട്ടുകെട്ടാണെന്നും അവിടെ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന താരങ്ങളെ കണ്ടെത്തണെന്നും റാഥോര്‍ വ്യക്തമാക്കി. ഈ സ്ഥാനങ്ങള്‍ക്കായി താരങ്ങള്‍ തമ്മില്‍ ആരോഗ്യപരമായ മത്സരം നടക്കുന്നു എന്നത് നല്ല കാര്യമാണെന്നും റാഥോര്‍ പറഞ്ഞു. സഞ്ജയ് ബംഗാറിന് പകരമാണ് വിക്രം റാഥോര്‍ ഇന്ത്യയുടെ ബാറ്റിംഗ് കോച്ചായി എത്തുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പരമ്പര മുതലാണ് താരം തന്റെ ചുമതല ഏറ്റെടുക്കുക.