ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയും ഇന്ത്യ തൂത്തുവാരിയതോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് പട്ടികയിൽ ഇന്ത്യയുടെ സർവാധിപത്യം. ഇതുവരെ കളിച്ച അഞ്ചു ടെസ്റ്റ് മത്സരങ്ങളും ജയിച്ച ഇന്ത്യ 240 പോയിന്റുമായി ഇന്ത്യ പോയിന്റ് പട്ടികയിൽ ബഹുദൂരം മുൻപിലാണ്. നിലവിൽ 9 ടീമുകൾ പങ്കെടുക്കുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ബാക്കിയുള്ള 8 ടീമുകളുടെ പോയിന്റ് മുഴുവൻ കൂട്ടിയാലും ഇന്ത്യയുടെ പോയിന്റിന്റെ അടുത്ത എത്തുകയുമില്ല.
നിലവിൽ രണ്ടാം സ്ഥാനത്തുള്ള ന്യൂ സിലാൻഡിനും മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കക്കും 60 പോയിന്റ് വീതമാണ് ഉള്ളത്. പാകിസ്ഥാനും ബംഗ്ലദേശും നിലവിൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒരു മത്സരം പോലും കളിച്ചിട്ടില്ല.
ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഇതുവരെ രണ്ടു പാരമ്പരകളാണ് കളിച്ചത്. വെസ്റ്റിൻഡീസിൽ നടന്ന പരമ്പരയിൽ ഇന്ത്യ 2-0ന് ജയിച്ചിരുന്നു. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒരു ടീം 9 പാരമ്പരകളാണ് കളിക്കുക. അതിൽ 6 എണ്ണം ഹോം ഗ്രൗണ്ടിലും 3 എണ്ണം വിദേശത്തുമായിരിക്കും. ഒരു പരമ്പരക്ക് ലഭിക്കുന്ന പരമാവധി പോയിന്റ് 120 ആണ്. പരമ്പരയിലെ മത്സരങ്ങളുടെ എണ്ണത്തിന് അനുസരിച്ചാണ് ഒരു ടെസ്റ്റിൽ ലഭിക്കുന്ന പോയിന്റുകൾ കൂട്ടുക. ഇത് പ്രകാരം മൂന്ന് മത്സരങ്ങൾ ഉള്ള പരമ്പരയിൽ ഒരു മത്സരം ജയിച്ചാൽ 40 പോയിന്റും രണ്ട് മത്സരങ്ങൾ ഉള്ള പരമ്പരയിൽ ഒരു മത്സരം ജയിച്ചാൽ 60 പോയിന്റും ഒരു ടീമിന് ലഭിക്കും.