വരാനിരിക്കുന്ന 2025-ലെ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ സൂര്യകുമാർ യാദവ് നയിക്കും. ഔദ്യോഗിക ടീം പ്രഖ്യാപനം ഓഗസ്റ്റ് 19ന് മുംബൈയിൽ നടക്കും. സ്‌പോർട്‌സ് ഹെർണിയ ശസ്ത്രക്രിയയെത്തുടർന്ന് വിശ്രമത്തിലായിരുന്ന സൂര്യകുമാർ, നിർണായക സെലക്ഷൻ യോഗത്തിൽ പങ്കെടുക്കാൻ ബംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്യുമെന്ന് എൻഡിടിവി സ്ഥിരീകരിച്ചു.

ഇതിനകം നെറ്റ് പ്രാക്ടീസ് തുടങ്ങിയതോടെ താരത്തിന്റെ ഫിറ്റ്നസിനെക്കുറിച്ചുള്ള ആശങ്കകൾ അകന്നു. സഞ്ജു സാംസണും അഭിഷേക് ശർമ്മയും ഓപ്പണിങ് കൂട്ടുകെട്ടായി തുടരും എന്നാണ് സൂചന. ഗിൽ, ജയ്സ്വാൾ തുടങ്ങിയവർക്ക് ടീമിൽ അവസരം ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. ഓഗസ്റ്റ് 19ന് ചീഫ് സെലക്ടർ അജിത് അഗാർക്കർ നടത്തുന്ന പത്രസമ്മേളനത്തിൽ അന്തിമ ടീം പ്രഖ്യാപിക്കും.