ഇന്ത്യയ്ക്ക് അതേ നാണയത്തില്‍ മറുപടിയുമായി ദക്ഷിണാഫ്രിക്ക

കേപ് ടൗണില്‍ മേല്‍ക്കൈ സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ആദ്യ ദിവസം തന്നെ ആദ്യ ഇന്നിംഗ്സില്‍ 286 റണ്‍സിനു ആതിഥേയര്‍ പുറത്തായെങ്കിലും തിരിച്ച് ഇന്ത്യയുടെ മൂന്ന് വിക്കറ്റ് 28 റണ്‍സിനു വീഴ്ത്തിയാണ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ തിരിച്ചടിച്ചത്. 12/3 എന്ന നിലയില്‍ നിന്ന് എബി ഡിവില്ലിയേഴ്സ്(65), ഫാഫ് ഡു പ്ലെസി(62), ക്വിന്റണ്‍ ഡിക്കോക്ക്(43) എന്നിവരുടെയും ഒപ്പം വാലറ്റത്തില്‍ വെറോണ്‍ ഫിലാന്‍ഡര്‍(23), കേശവ് മഹാരാജ്(35), കാഗിസോ റബാഡ (26) എന്നിവരുടെ ചെറുത്ത് നില്പ് ആതിഥേയരെ ആദ്യ ഇന്നിംഗ്സില്‍ 286 റണ്‍സിലേക്ക് എത്തിക്കുകയായിരുന്നു.

ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാറാണ് ബൗളിംഗ് നിയന്ത്രിച്ചത്. 4 വിക്കറ്റ് വീഴ്ത്തി ഭുവിയ്ക്ക് പിന്തുണയുമായി രവിചന്ദ്രന്‍ അശ്വിനും(2), മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം നേടി.

ഇന്ത്യയ്ക്ക് മുരളി വിജയ്(1), ശിഖര്‍ ധവാന്‍(16), വിരാട് കോഹ്‍ലി(5) എന്നിവരെയാണ് നഷ്ടമായത്. 5 റണ്‍സുമായി ചേതേശ്വര്‍ പുജാരയും റണ്ണൊന്നുമെടുക്കാതെ രോഹിത് ശര്‍മ്മയുമാണ് ക്രീസില്‍. ദക്ഷിണാഫ്രിക്കയ്ക്കായി ഓരോ വിക്കറ്റുകള്‍ വീഴ്ത്തിയത് വെറോണ്‍ ഫിലാന്‍ഡര്‍, ഡെയില്‍ സ്റ്റെയിന്‍, മോണേ മോര്‍ക്കല്‍ എന്നിവരാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസ്വന്തം തട്ടകത്തിൽ ജയമില്ലാതെ വീണ്ടും ജംഷദ്പൂർ
Next articleറോസ് ബാർക്ലി ചെൽസിയിൽ