ഇന്ത്യ-പാകിസ്ഥാൻ പ്രശ്നങ്ങൾ ബാധിക്കില്ല, ഏഷ്യാ കപ്പ് 2025 നടക്കും

Newsroom

Pakistan India


പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയസംഘർഷങ്ങൾ നിലനിൽക്കുന്നതിനിടയിലും, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏഷ്യാ കപ്പ് 2025 നിശ്ചയിച്ച പ്രകാരം നടക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. ആദ്യം ഇന്ത്യയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ടൂർണമെന്റ്, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും നയതന്ത്ര ബന്ധങ്ങളിലെ പ്രശ്നങ്ങളും കാരണം ഇന്ത്യക്ക് പുറത്തേക്ക് മാറ്റിയേക്കും.

India Pakistan


സെപ്റ്റംബറിൽ ആറ് ടീമുകളെ (ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, യുഎഇ) പങ്കെടുപ്പിച്ച് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ടൂർണമെന്റ് നടത്താൻ ഒരുങ്ങുകയാണെന്ന് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു. യുഎഇയാണ് ടൂർണമെന്റ് ആതിഥേയത്വം വഹിക്കാൻ സാധ്യതയുള്ള പ്രധാന വേദി. ഒരു ഹൈബ്രിഡ് ഫോർമാറ്റും പരിഗണനയിലുണ്ട്.


ടൂർണമെന്റിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയുടെ ടി20 നായകൻ സൂര്യകുമാർ യാദവ്, ശ്രീലങ്കയുടെ ചരിത് അസലങ്ക, ബംഗ്ലാദേശിന്റെ നജ്മുൽ ഹൊസൈൻ ഷാന്റോ എന്നിവർ ഉൾപ്പെട്ട ഒരു ടീസർ അടുത്തിടെ വൈറലായിരുന്നു.


ടൂർണമെന്റിന്റെ ഷെഡ്യൂളിനെയും വേദിയെയും കുറിച്ചുള്ള അന്തിമ തീരുമാനം ജൂലൈ ആദ്യവാരം എസിസി യോഗം ചേരുമ്പോൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) മേധാവി മൊഹ്‌സിൻ നഖ്വിയാണ് നിലവിൽ എസിസിയുടെ തലവൻ. ഏഷ്യാ കപ്പ് മാറ്റിവെക്കുകയോ റദ്ദാക്കുകയോ ചെയ്താൽ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, യുഎഇ എന്നിവരുൾപ്പെട്ട ഒരു ബാക്കപ്പ് ട്രൈ-സീരീസിനും അദ്ദേഹം ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്.