നിർണായകമായ മൂന്നാം ടി20 മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിനു കൂറ്റൻ സ്‌കോർ. നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 212 റൺസാണ് കിവികള്‍ അടിച്ചെടുത്തത്. ഇന്ത്യൻ ഫീല്ഡിങ്ങിന്റെ പോരായ്മ മുതലെടുത്ത കിവികൾ തുടക്കം മുതൽ അടിച്ചു തകർക്കുകയായിരുന്നു. ഓപ്പണർ കോളിൻ മുൻറോ കിവികൾക്ക് വേണ്ടി 72 റണ്സെടുത്തു. ഇന്ത്യക്ക് വേണ്ടി കുൽദീപ് നാലോവറിൽ 26 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി.
ആദ്യ ഓവർ മുതൽ തകർപ്പൻ ബാറ്റിംഗ് പുറത്തെടുത്ത കിവികൾ ആദ്യ വിക്കറ്റിൽ തന്നെ 80 റൺസ് കൂട്ടിച്ചേർത്തിരുന്നു. സീഫെർട്ടിനെ (43) ധോണി സ്റ്റമ്പ് ചെയ്തു പുറത്താക്കുകയായിരുന്നു. തുടർന്ന് വന്ന ക്യാപ്റ്റൻ വില്യംസണും (27) മുൻറോക്ക് മികച്ച പിന്തുണ നൽകിയതോടെ കിവീസ് സ്‌കോർ മുന്നറ്റ പോയി.
സ്‌കോർ 135ൽ നിൽക്കെ 40 പന്തിൽ 72 റൺസ് എടുത്ത മുൻറോയെ കുൽദീപും താമസിയാതെ വില്യംസണെ ഖലീൽ അഹമ്മദും പുറത്താക്കി എങ്കിലും പിന്നീടു വന്ന ഗ്രാൻഡ്ഹോം ഇന്ത്യൻ ബൗളർമാരെ നാനാഭാഗത്തേക്കും പായിക്കുകയായിരുന്നു. 19ആം ഓവറിൽ 16 പന്തിൽ 30 റൺസ് എടുത്ത ഗ്രാൻഡ്ഹോമിനെ ഭുവി പുറത്താക്കി. 19 റൺസെടുത്ത മിച്ചലും 14 റൺസെടുത്ത ടെയ്‌ലറും പുറത്തതാവാതെ നിന്നു.