ഓൺലൈൻ ചൂതാട്ടം നിരോധിക്കാനുള്ള ബില്ലുമായി ഇന്ത്യൻ ഗവൺമെന്റ്, ഫാന്റസി ഗെയിമുകൾക്ക് പണി കിട്ടും

Newsroom

File 000000003af861fd8f42b52a0c119806
Download the Fanport app now!
Appstore Badge
Google Play Badge 1


ന്യൂഡൽഹി: വർധിച്ചുവരുന്ന ചൂതാട്ട ആസക്തി, സാമ്പത്തിക നഷ്ടം, കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ബന്ധങ്ങൾ എന്നിവ സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി ഓൺലൈൻ ചൂതാട്ടം നിരോധിക്കുന്നതിനുള്ള ബിൽ ഇന്ത്യൻ സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചു. ബുധനാഴ്ച ലോക്സഭയിൽ അവതരിപ്പിച്ച ഈ ബിൽ രാജ്യത്തെ ഓൺലൈൻ ഗെയിമിങ് മേഖലയെ വലിയ രീതിയിൽ ബാധിച്ചേക്കാം.

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ), ദേശീയ ടീം എന്നിവയെ പലപ്പോഴും സ്പോൺസർ ചെയ്യുന്ന പോക്കർ പ്ലാറ്റ്‌ഫോമുകൾ, ഫാന്റസി സ്പോർട്സ്, ജനപ്രിയ ക്രിക്കറ്റ് അധിഷ്ഠിത ആപ്പുകൾ എന്നിവ ഈ ബില്ലിന്റെ പരിധിയിൽ വരും.


നിർദ്ദിഷ്ട ബിൽ അനുസരിച്ച്, സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് ഉപയോക്താക്കൾ ഫീസോ പണമോ നിക്ഷേപിക്കാൻ അനുവദിക്കുന്ന പ്ലാറ്റ്‌ഫോമുകൾക്ക് വിലക്കുണ്ടാകും. അത്തരം സേവനങ്ങൾ നൽകുന്ന വ്യക്തികൾക്കും കമ്പനികൾക്കും തടവ് ശിക്ഷയും കനത്ത പിഴയും ഉൾപ്പെടെയുള്ള കർശനമായ ശിക്ഷകൾ ബിൽ വ്യവസ്ഥ ചെയ്യുന്നു. നിയമവിരുദ്ധമായി വളർന്നു വരുന്ന ഈ വ്യവസായം സാമ്പത്തിക തട്ടിപ്പുകൾക്ക് കാരണമാകുമെന്നും ചില സന്ദർഭങ്ങളിൽ കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും നിയമനിർമ്മാതാക്കൾ വാദിച്ചു. കൂടാതെ, ചൂതാട്ടത്തിന് അടിമകളായ യുവ കളിക്കാർക്ക് സാമൂഹികമായി ഉണ്ടാകുന്ന ദോഷവും അവർ ഉയർത്തിക്കാട്ടി.


അതേസമയം, ഈ നീക്കത്തിനെതിരെ വ്യവസായ ഗ്രൂപ്പുകൾ രംഗത്തെത്തി. കോടിക്കണക്കിന് ഡോളർ വരുമാനം വരുന്ന ഈ മേഖലയെ തകർക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി. നിയന്ത്രിത ഇന്ത്യൻ പ്ലാറ്റ്‌ഫോമുകൾ നിരോധിക്കുന്നത് ഉപയോക്താക്കളെ വിദേശത്തുള്ള നിയന്ത്രണമില്ലാത്ത ഓപ്പറേറ്റർമാരിലേക്ക് എത്തിക്കുമെന്നും അത് തട്ടിപ്പിനും ചൂഷണത്തിനും കൂടുതൽ സാധ്യത നൽകുമെന്നും ഓൾ ഇന്ത്യ ഗെയിമിംഗ് ഫെഡറേഷനും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഫാന്റസി സ്പോർട്സും വാദിച്ചു. ഇന്ത്യയിലെ ഗെയിമിങ്, സ്പോർട്സ് സ്പോൺസർഷിപ്പ് മേഖലയെ പുനർനിർമ്മിക്കാൻ കഴിയുന്ന ഈ നിർദ്ദേശം പാർലമെന്റ് പരിഗണിക്കുന്നതോടെ വരും ആഴ്ചകളിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ കൂടുതൽ ശക്തമാകും.