ഏകദിനത്തിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെടുക ആയിരുന്ന സൂര്യകുമാർ യാദവിന് ആശ്വാസം. ഇന്ന് ഓസ്ട്രേലിയക്ക് എതിരെ അർധ സെഞ്ച്വറി നേടിക്കൊണ്ട് സൂര്യകുമാർ ഏകദിനത്തിലും ഫോമിലേക്ക് എത്തി. 2022 ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് 50 ഓവർ ഫോർമാറ്റിൽ സൂര്യകുമാർ ഫിഫ്റ്റി അടിച്ചത്.
ഈ ഇന്നിംഗ്സിന്റെ ബലത്തിൽ ഇന്ത്യ 5 വിക്കറ്റും 8 പന്തുകളും ശേഷിക്കെ ലക്ഷ്യം പിന്തുടരുകയും പരമ്പരയിൽ ഓസ്ട്രേലിയക്ക് എതിരെ 1-0 ലീഡ് നേടുകയും ചെയ്തു. ഏകദിനത്തിൽ തനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് അറിയില്ലായിരുന്നു എന്ന് സൂര്യകുമാർ മത്സര ശേഷം പറഞ്ഞു.
“എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ ആശ്ചര്യപ്പെട്ടു. പന്തിന്റെ നിറം ഒന്നുതന്നെയാണ്. ടീമുകളും ഒന്നുതന്നെയാണ്. ബൗളർമാർ ഒന്നുതന്നെയാണ്. ഞാൻ കുറച്ച് തിടുക്കം കൂട്ടുകയാണെന്ന് തോന്നുന്നു. കുറച്ച് സമയം കൂടി എടുക്കാം എന്ന് ഞാൻ കരുതി. എന്നെത്തന്നെ ശാന്തമാക്കൂ, ഡീപ് ആയി അവസാനം വരെ ബാറ്റ് ചെയ്യാൻ ശ്രമിക്കുക, ഇതായിരുന്നു തന്റെ തീരുമാനം” സൂര്യകുമാർ യാദവ് പറഞ്ഞു.
47 പന്തിൽ സൂര്യകുമാർ അർദ്ധ സെഞ്ച്വറി നേടിയെങ്കിലും വിജയ റൺ നേടും മുമ്പ് പുറത്തായിരുന്നു. ഇതിൽ നിരാശയുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
“ഞാൻ ഈ ഫോർമാറ്റ് കളിക്കാൻ തുടങ്ങിയപ്പോൾ ഞാൻ സ്വപ്നം കണ്ടത് അതായിരുന്നു. കഴിയുന്നത്ര അവസാനം വരെ ബാറ്റ് ചെയ്ത് ടീമിനായി കളി പൂർത്തിയാക്കാൻ ശ്രമിക്കുക. എനിക്ക് ഇന്ന് അത് ചെയ്യാൻ കഴിഞ്ഞില്ല, പക്ഷേ ഞാൻ തീർച്ചയായും എന്റെ പുതിയ റോൾ ഇഷ്ടപ്പെടുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു