ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം മാറ്റിവെച്ചതോടെ, ഓഗസ്റ്റ് പകുതിയോടെ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഒരു പരിമിത ഓവർ പരമ്പര നടത്തുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി നടക്കുന്നു എന്ന് ശ്രീലങ്കൻ മാധ്യമം ആയ Newswire റിപ്പോർട്ട് ചെയ്യുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കലണ്ടറിലുണ്ടായ ഈ അപ്രതീക്ഷിത ഇടവേള ഇരു ക്രിക്കറ്റ് ബോർഡുകൾക്കും ഒരു ചെറിയ പരമ്പര സംഘടിപ്പിക്കാനുള്ള സാധ്യത തുറന്നിട്ടിരിക്കുകയാണ്.
ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ നടക്കാനിരുന്ന ലങ്ക പ്രീമിയർ ലീഗ് മാറ്റിവെച്ചത് ശ്രീലങ്കയ്ക്കും ഇങ്ങനെ ഒരു പരമ്പര നടത്താൻ സാഹചര്യങ്ങൾ അനുകൂലമാക്കുന്നു. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും ഈ പരമ്പരയിൽ ഉൾപ്പെട്ടേക്കാം.
ഇരു ബോർഡുകളും ഔദ്യോഗിക സ്ഥിരീകരണം ഒന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും, സജീവമായ ചർച്ചകൾ നടക്കുന്നുണ്ടെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു. ഓഗസ്റ്റ് അവസാനത്തോടെ സിംബാബ്‌വെയിലേക്ക് ശ്രീലങ്ക യാത്ര തിരിക്കും, ആ പരമ്പര 29-നാണ് ആരംഭിക്കുന്നത്. അതുകൊണ്ട് ഓഗസ്റ്റ് പകുതി മാത്രമാണ് ഇന്ത്യയുടെ സന്ദർശനത്തിന് സാധ്യമായ സമയം.
ഇരു ടീമുകളും അവസാനമായി ശ്രീലങ്കൻ മണ്ണിൽ ഏറ്റുമുട്ടിയത് 2023 ജൂലൈയിലാണ്. അന്ന് ഇന്ത്യ ടി20ഐ പരമ്പര നേടിയപ്പോൾ ശ്രീലങ്ക ഏകദിന പരമ്പര സ്വന്തമാക്കിയിരുന്നു.