റായിഡു തെറ്റൊന്നും ചെയ്തില്ല, താരത്തെ മുഴുവന്‍ മത്സരങ്ങളും കളിപ്പിക്കണമായിരുന്നു – ഗൗതം ഗംഭീര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ആദ്യ മൂന്ന് മത്സരങ്ങളിലെ പരാജയത്തിനു ശേഷം അമ്പാട്ടി റായിഡുവിനെ ഒഴിവാക്കിയത് വഴി ഇന്ത്യ തെറ്റായ തീരുമാനമാണ് തിരഞ്ഞെടുത്തതെന്ന് വ്യക്തമാക്കി ഗൗതം ഗംഭീര്‍. ലോകകപ്പില്‍ അമ്പാട്ടി റായിഡു നാലാം നമ്പറില്‍ എത്തുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. അതിനാല്‍ തന്നെ താരത്തെ പരമ്പരയില്‍ മുഴുവന്‍ അവസരം നല്‍കി ആത്മവിശ്വാസം നല്‍കണമായിരുന്നുവെന്ന് ഗൗതം ഗംഭീര്‍.

ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഉയര്‍ന്ന് സ്കോറോടെ 33 റണ്‍സാണ് റായിഡു നേടിയത്. അതോടെ റായിഡുവിനു പകരം ഋഷഭ് പന്തിനു ടീം അവസരം നല്‍കി. അതോടെ ലോകകപ്പില്‍ റായിഡുവിന്റെ സ്ഥാനം എന്താകുമെന്ന സംശയം ഉടലെടുക്കുന്ന തരത്തിലുള്ള തീരുമാനമാണ് ഇന്ത്യന്‍ ടീം മാനേജ്മെന്റ് എടുത്തതെന്ന് പരക്കെ അഭിപ്രായം ഉയര്‍ന്നു.

ന്യൂസിലാണ്ടിലും ഓസ്ട്രേലിയയിലും ചെന്ന് മികവ് പുലര്‍ത്തിയെങ്കിലും 2019ന്റെ തുടക്കത്തിലെ ഫോം താരത്തിനു നഷ്ടപ്പെടുന്നതാണ് പിന്നീട് കാണുന്നത്. ഇപ്പോള്‍ ലോകകപ്പ് ടീമില്‍ താരത്തിനു സ്ഥാനമുണ്ടാകുമോ എന്ന തരത്തിലുള്ള സംശയങ്ങളാണ് ക്രിക്കറ്റ് നിരീക്ഷകന്മാരുടെ ഇടയില്‍. ഇതിനിടെയാണ് താരത്തിനെ പിന്തുണയ്ക്കാതിരുന്നത് തെറ്റായി എന്ന അഭിപ്രായവുമായി ഗൗതം ഗംഭീര്‍ എത്തുന്നത്.

ധോണിയെയും ശിഖര്‍ ധവാനെയും വിശ്വാസത്തിലെടുത്ത് കൂടുതല്‍ അവസരങ്ങള്‍ ടീം പ്രതിസന്ധി ഘട്ടത്തില്‍ നല്‍കിയിരുന്നു. അത് പോലെ റായിഡുവിനും അവസരം നല്‍കണമായിരുന്നുവെന്നാണ് ഗംഭീര്‍ പറയുന്നത്.