അടുത്ത ടി20 ലോകകപ്പിൽ ഇന്ത്യ 2007ലെ പോലെ യുവ നിരയെ തിരഞ്ഞെടുക്കുമെന്ന് കരുതുന്നു – രവി ശാസ്ത്രി
2007 ടി20 ലോകകപ്പ് പോലെ സീനിയര്‍ താരങ്ങളെ ഒഴിവാക്കി ഇന്ത്യ യുവ നിരയെയാവും അടുത്ത ടി20 ലോകകപ്പിൽ കളിപ്പിക്കുക എന്ന് പറഞ്ഞ് രവി ശാസ്ത്രി. 2024ൽ ആണ് അടുത്ത ടി20 ലോകകപ്പ്. ഹാര്‍ദ്ദിക് പാണ്ഡ്യയെ നായകനാക്കി ഇന്ത്യ വെസ്റ്റിന്‍ഡീസിലും യുഎസ്എയിലുമായി നടക്കുന്ന ലോകകപ്പിന് ഇറങ്ങണമെന്നും രവി ശാസ്ത്രി വ്യക്തമാക്കി.
ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലെയും നായകന്‍ രോഹിത്താണെങ്കിലും ഇന്ത്യ ഇംഗ്ലണ്ടിനെതിരെ 2022 ടി20 ലോകകപ്പ് സെമിയിൽ പുറത്തായതിന് ശേഷം രോഹിത് ഈ ഫോര്‍മാറ്റിൽ കളിച്ചിട്ടില്ല. അതിന് ശേഷം ഇന്ത്യ 8 ടി20 മത്സരങ്ങളിൽ കളിച്ചപ്പോള്‍ അതിൽ 5 എണ്ണത്തിൽ വിജയിക്കുകയും രണ്ടെണ്ണത്തിൽ പരാജയപ്പെടുകയും ചെയ്തു. ഒരു മത്സരം ടൈയിൽ അവസാനിച്ചു.
2023 ഏകദിന ലോകകപ്പിന് ശേഷമുള്ള അടുത്ത രണ്ട് ലോകകപ്പുകള്‍ ടി20 ആണെന്നും ഇപ്പോള്‍ ഇന്ത്യയുടെ ടി20 സ്റ്റാന്‍ഡ്ബൈ ക്യാപ്റ്റനായ ഹാര്‍ദ്ദിക് ടീമിനെ നയിക്കുമെന്നും ആ ടൂര്‍ണ്ണമെന്റുകളിൽ യുവനിരയെ ആവും ഇന്ത്യ അയയ്ക്കുക എന്നും ശാസ്ത്രി പറഞ്ഞു.