സിഡ്നിയില്‍ ഇരുപതിനായിരം കാണികള്‍ മത്സരം കാണാനെത്തുമ്പോള്‍ ക്രിക്കറ്റ് താരങ്ങള്‍ ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണമെന്ന് പറയുന്നത് വിരോധാഭാസം ആണെന്ന് പറഞ്ഞ് ടീം ഇന്ത്യ. ഇന്ത്യന്‍ ടീം മെല്‍ബേണില്‍ നിന്ന് സിഡ്നിയിലേക്ക് യാത്രയാകുന്നതിന് മുമ്പ് കോവിഡ് ടെസ്റ്റ് നടത്തിയെന്നും ടീമില്‍ ആരും തന്നെ പോസിറ്റീവ് ആകുന്നില്ലെങ്കില്‍ തങ്ങള്‍ ടൂറില്‍ ഇനിയും ക്വാറന്റീനില്‍ കഴിയുന്നതിന്റെ ആവശ്യമില്ലെന്നുമാണ് ടീം വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
തങ്ങളെയും സാധാരണ ഓസ്ട്രേലിയയ്ക്കാരെ പോലെ കരുതണമെന്നും അവര്‍ക്ക് ബാധകമായ നിയമങ്ങള്‍ പാലിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നുമാണ് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്ത് വരുന്ന വികാരം. കാണികള്‍ക്ക് ഗ്രൗണ്ടിലെത്തി സര്‍വ്വ സ്വാതന്ത്ര്യത്തോടെ പെരുമാറാമെന്നിരിക്കെ താരങ്ങള്‍ ഹോട്ടലില്‍ ക്വാറന്റീനില്‍ കഴിയണമെന്നത് മൃഗശാലയിലെ മൃഗങ്ങളോടുള്ള സമീപനമായി മാത്രമേ കാണാനാകൂ എന്നും പേര് വെളിപ്പെടുത്താത്ത ഇന്ത്യന്‍ സംഘത്തിലെ ഒരു പ്രതിനിധി പറഞ്ഞു.
ഇന്ത്യയില്‍ നിന്ന് പരമ്പരയ്ക്കായി ഓസ്ട്രേലിയയില്‍ എത്തുമ്പോള്‍ ഇവിടുള്ള നിയമം അനുസരിക്കുവാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും എന്നാല്‍ നാട്ടുകാര്‍ക്ക് ലഭിയ്ക്കുന്ന ഇളവുകള്‍ തങ്ങള്‍ക്കും ക്വാറന്റീനില്‍ വേണമെന്ന് ഇദ്ദേഹം വ്യക്തമാക്കി. ടെസ്റ്റില്‍ തങ്ങള്‍ നെഗറ്റീവ് ആണെന്ന് തെളിഞ്ഞാല്‍ ഹോട്ടലിലെ ക്വാറന്റീനിന്റെ ആവശ്യമെന്താണെന്നും ചോദ്യം ഉയരുന്നുണ്ട്.