ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി തങ്ങള്‍ക്ക് മേൽ ചുമത്തിയ ബയോ ബബിള്‍ മാനദണ്ഡങ്ങളെ ചോദ്യം ചെയ്ത് ഇന്ത്യന്‍ ടീം മാനേജ്മെന്റ്. ആറ് ന്യൂസിലാണ്ട് താരങ്ങള്‍ സമീപത്തുള്ള ഗോള്‍ഫ് കോഴ്സിലേക്ക് യാത്ര ചെയ്തതിന് പിന്നിലായൊണ് ഇന്ത്യ ഇതിനെ ചോദ്യം ചെയ്തത്. ഇന്ത്യന്‍ ടീമും കുടുംബാംഗങ്ങളും ഹോട്ടൽ നിലകളിൽ തന്നെ തുടരുമ്പോള്‍ ആണ് ന്യൂസിലാണ്ടിലെ ചില താരങ്ങള്‍ ആഘോഷിക്കുവാനായി ബയോ ബബിളിന് പുറത്ത് കടന്നത്.
ലഭിയ്ക്കുന്ന വിവരം പ്രകാരം ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, ഹെന്റി നിക്കോള്‍സ്, മിച്ചൽ സാന്റനര്‍, ഡാരിൽ മിച്ചൽ, ടീം ഫിസിയോ ടോമി സിംസെക് എന്നിവരാണ് ഗോള്‍ഫ് കോഴ്സിലേക്ക് യാത്ര പോയത്. ഇതിനെതിരെ ഇന്ത്യന്‍ ടീം മാനേജ്മെന്റ് ഐസിസിയ്ക്ക് പരാതി നല്‍കുമെന്നാണ് അറിയുന്നത്.
ഏജീസ് ബൗളിന്റെ പരിസരങ്ങളിൽ തന്നെയാണ് ഗോള്‍ഫ് കോഴ്സ് സ്ഥിതി ചെയ്യുന്നതെങ്കിലും രണ്ട് ടീമുകള്‍ക്ക് രണ്ട് നീതിയെന്നാണ് ഇന്ത്യ ആരോപിക്കുന്നത്. താരങ്ങളോടും കുടുംബാംഗങ്ങളോടും സ്വന്തം റൂമിൽ നിന്ന് ഗ്രൗണ്ടിലേക്ക് അല്ലാതെ പുറത്തിറങ്ങരുതെന്ന് നിര്ദ്ദേശമുള്ളപ്പോളാണ് ഇത്തരത്തിലുള്ള വാര്‍ത്ത കേള്‍ക്കുന്നതെന്നും ഒരു ടീമംഗം പറഞ്ഞു.