പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ നജാം സേത്തി, പാകിസ്ഥാനിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഉന്നയിക്കുന്ന ആശങ്കകളെ ചോദ്യം ചെയ്തു. 2023ലെ ഏഷ്യാ കപ്പിനായി പാകിസ്ഥാൻ സന്ദർശിക്കുന്നതിൽ മറ്റ് ടീമുകൾക്ക് പ്രശ്‌നങ്ങളൊന്നും ഇല്ല എന്നും ഇന്ത്യക്ക് മാത്രമാണ് പ്രശ്നം എന്നും സേതി പറയുന്നു. ഇന്ത്യ മാത്രം സുരക്ഷാ കാര്യങ്ങളിൽ എന്തിനു പേടിക്കുന്നു എന്നും അദ്ദേഹം ചോദിച്ചു.
2023-ലെ ഏഷ്യാ കപ്പിനായി ഇന്ത്യ പാകിസ്താനിലേക്ക് യാത്ര ചെയ്യില്ല എന്ന് തീരുമാനിച്ചിരുന്നു. സുരക്ഷയെക്കുറിച്ച് ആശങ്കാകുലരായ ഇന്ത്യ ഏഷ്യാ കപ്പ് നിക്ഷ്പക്ഷ വേദിയിൽ നടത്തണം എന്നും ഇന്ത്യ പറഞ്ഞിരുന്നു. എന്നാൽ പാകിസ്താൻ ഇപ്പോൾ വ്യക്തമായ നിലപാട് സ്വീകരിക്കേണ്ട സമയമാണിത് എന്നും, അടുത്ത ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിലും (എസിസി) ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിലും (ഐസിസി) ഈ പ്രശ്നങ്ങൾ ഞങ്ങൾ ഉന്നയിക്കും എന്നും സേതി പറഞ്ഞു.
ഈ വർഷം പാക്കിസ്ഥാനിൽ നടക്കുന്ന ഏഷ്യാ കപ്പിനായി ഇന്ത്യ പാകിസ്താനിലേക്ക് പോയില്ല എങ്കിൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിനു പാകിസ്താനും വരില്ല എന്ന നിലപാട് ആയിരുന്നു മുൻ പി സി ബി ചെയർമാർ റമീസ് രാജ എടുത്തിരുന്നത്.