കാഴ്ചയില്ലാത്തവരുടെ ക്രിക്കറ്റിന്റെ ഫൈനലില്‍ ഏറ്റുമുട്ടാന്‍ ഇന്ത്യയും പാക്കിസ്ഥാനും ഒരുങ്ങുന്നു. പാക്കിസ്ഥാന്‍ ആണ് ടൂര്‍ണ്ണമെന്റിന്റെ ആതിഥേയരെങ്കിലും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം സുഖകരമല്ലാത്തതിനാല്‍ ടൂര്‍ണ്ണമെന്റില്‍ ഇന്ത്യ തങ്ങളുടെ എല്ലാ മത്സരങ്ങളും യുഎഇയിലാണ് കളിച്ചത്. ഇപ്പോള്‍ ഇന്ത്യ-പാക് ഫൈനല്‍ മത്സരവും ലാഹോറില്‍ നിന്ന് യുഎഇയിലേക്ക് മാറ്റുകയായിരുന്നു.
ഇന്ത്യ ശ്രീലങ്ക, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ ടീമുകളെയാണ് പ്രാഥമിക റൗണ്ടുകളില്‍ നേരിട്ടത്. ഓസ്ട്രേലിയയ്ക്കെതിരെയുള്ള ആദ്യ മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ട ശേഷം എല്ലാ മത്സരങ്ങളും ജയിച്ച ഇന്ത്യ സെമി ഫൈനലില്‍ ബംഗ്ലാദേശിനെയും തകര്‍ത്തു. നാളെ നടക്കുന്ന ഫൈനല്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് അരങ്ങേറാന്നിരുന്നതെങ്കിലും ഇന്ത്യന്‍ ഗവര്‍ണമെന്റില്‍ നിന്ന് ക്രിക്കറ്റ് അസോസ്സിയേഷനു യാതൊരു അറിയിപ്പും കിട്ടാത്തതിനാല്‍ കളി അജ്മാനിലെ എംസിസി ഗ്രൗണ്ടിലേക്ക് മാറ്റുകയായിരുന്നു.
ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നതിനു മുമ്പ് കഴിഞ്ഞ ഒക്ടോബറില്‍ തന്നെ ഇന്ത്യ ഫൈനലിലെത്തുകയാണെങ്കില്‍ ലാഹോറില്‍ കളിക്കാന്‍ തങ്ങള്‍ക്ക് അനുമതി വേണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവിടെ നിന്ന് മറുപടി ഒന്നും ലഭിച്ചില്ല എന്നാണ് ക്രിക്കറ്റ് അസോസ്സിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ ഇന്ത്യ സെക്രട്ടറി ജോണ്‍ ഡേവിഡ് അറിയിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial