ഇന്ത്യയെക്കാൾ മികച്ചതും സ്ഥിരതയുള്ളതുമായ മധ്യനിരയാണ് ബാബർ അസമിന്റെ നേതൃത്വത്തിലുള്ള പാകിസ്താൻ ടീമിന് ഉള്ളതെന്ന് മുൻ പാകിസ്ഥാൻ ബാറ്റർ ബാസിത് അലി. ലോകകപ്പിലും ഏഷ്യാ കപ്പിലും മധ്യനിരയിൽ ഇന്ത്യക്ക് പ്രശ്‌നങ്ങൾ നേരിടേണ്ടിവരുമെന്ന് ബാസിത് പറഞ്ഞു. ഇത് അവരുടെ അവസാന പ്രകടനങ്ങളിൽ വ്യക്തമാണ് എന്നും അദ്ദേഹം പറഞ്ഞു.
“ഞങ്ങൾക്ക് മുകളിൽ ബാബർ, ഫഖർ, ഇമാം, റിസ്വാൻ എന്നിവരുണ്ട്. മധ്യത്തിൽ ഇഫ്തിഖറും സൽമാൻ അലിയും ഒപ്പം ഷദാബ് ഖാനും മുഹമ്മദ് നവാസും ഓർഡറിൽ ഉണ്ട്. താരതമ്യപ്പെടുത്തുമ്പോൾ, ഞങ്ങൾക്ക് ഇന്ത്യയെക്കാൾ മികച്ച മധ്യനിരയുണ്ട്. ഇഷാൻ കിഷൻ നമ്പർ 5-ൽ കളിക്കുകയാണെങ്കിൽ ഒന്നും പറയാൻ ആകില്ല. അവൻ അവിടെ എങ്ങനെ പ്രകടനം നടത്തുമെന്ന് ഒരു ഐഡിയയുമില്ല. ഇന്ത്യയ്‌ക്ക് തിലക് വർമ്മയെ മൂന്നാം നമ്പറിൽ കളിക്കാം, കോഹ്‌ലിയെ നമ്പർ 4-ൽ കൊണ്ടുവരാം,” ബാസിത് അലി തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
“മധ്യനിരയിൽ ഇന്ത്യ പ്രശ്നം നേരിടും. രോഹിത്, വിരാട്, ഗിൽ എന്നിങ്ങനെ മൂന്ന് മുൻനിര ബാറ്റർമാരാണ് അവർക്കുള്ളത്. ഇന്ത്യ പ്രകടനങ്ങൾ ഇവർ മൂന്ന് പേരെ ആശ്രയിച്ചിരിക്കും. അവർ മികച്ച പ്രകടനം പുറത്തെടുത്താൽ, ലോകകപ്പിലും ഏഷ്യാ കപ്പിലും ഇന്ത്യയെ തോൽപ്പിക്കുക പ്രയാസമാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു.