ഏകദിന ലോകകപ്പിൽ വിധി നിര്‍ണ്ണയിക്കുക പേസര്‍മാര്‍ – സഞ്ജയ് മഞ്ജരേക്കര്‍

Sports Correspondent

ഇന്ത്യയിൽ നടക്കുന്ന 2023 ഏകദിന ലോകകപ്പിൽ കൂടുതൽ സ്വാധീനം ചെലുത്തുക പേസര്‍മാര്‍ ആയിരിക്കുമെന്ന് പറഞ്ഞ് സഞ്ജയ് മഞ്ജരേക്കര്‍. ഇന്ത്യയിൽ കൂടുതൽ പിച്ചുകളും ഫ്ലാറ്റ് ആയിരിക്കുമെന്നും ചെറിയ ഗ്രൗണ്ടുകളും പരിഗണിക്കുമ്പോള്‍ സ്പിന്നര്‍മാര്‍ റൺ അധികം വഴങ്ങുവാന്‍ സാധ്യതയുണ്ടെന്നും അതിനാൽ തന്നെ മത്സരത്തെ നിയന്ത്രണത്തിലാക്കുവാന്‍ കൂടുതൽ പേസര്‍മാരെ ഉപയോഗിക്കുവാന്‍ ക്യാപ്റ്റന്മാര്‍ മുതിരുമെന്നും സഞ്ജയ് പറഞ്ഞു.

2011 ലോകകപ്പ് പരിശോധിച്ചാൽ ഇന്ത്യ യുവരാജ് സിംഗിനെ മാത്രമാണ് സ്പിന്നറായി പരിഗണിച്ചതെന്നും മഞ്ജരേക്കര്‍ കൂട്ടിചേര്‍ത്തു. ഏഷ്യ കപ്പ് ടീമിൽ രവീന്ദ്ര ജഡേജയും അക്സര്‍ പട്ടേലും ഓള്‍റൗണ്ടര്‍മാരുടെ റോളിൽ ടീമിലിടം പിടിച്ചപ്പോള്‍ കുൽദീപ് യാദവ് മാത്രമാണ് സ്പെഷ്യലിസ്റ്റ് സ്പിന്നര്‍. യൂസുവേന്ദ്ര ചഹാലിനെ ടീമിലേക്ക് പരിഗണിക്കാതിരുന്നതും വരുന്ന ലോകകപ്പിനുള്ള ടീം സെലക്ഷന്റെ ഏകദേശ രൂപം നൽകുന്നതാണെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

2011ൽ മുനാഫ് പട്ടേലിനെ പോലുള്ളവരാണ് കൂടുതൽ പ്രഭാവുണ്ടാക്കിയത്. സഹീര്‍ നയിച്ച പേസ് പടയാണ് സ്പിന്നര്‍മാരെക്കാളും കൂടുതൽ അവസരങ്ങള്‍ സൃഷ്ടിച്ചതെന്നും സഞ്ജയ് മഞ്ജരേക്കര്‍ വ്യക്തമാക്കി.