ഇന്ത്യൻ ക്രിക്കറ്റ് ടൂർ

shabeerahamed

Viratrohit

ഇനി ഇന്ത്യൻ ബോയ്സ് വെസ്റ്റ് ഇൻഡീസിലേക്ക്, ജൂലൈ 22 മുതൽ ആഗസ്റ്റ് 7 വരെയാണ് ടൂർ. അയർലൻഡ്, ഇംഗ്ലണ്ട് ടൂർ കഴിഞ്ഞതെയുള്ളൂ, 3 ഏകദിനങ്ങളും, 5 ടി20 മാച്ചുകളുമാണ് വെസ്റ്റ് ഇൻഡീസിൽ കളിക്കുന്നത്. ഈ 5 ടി20 കളികളിൽ അവസാന രണ്ടെണ്ണം ഫ്ലോറിഡയിലാണ്. അപ്പോൾ നിങ്ങൾ ചോദിച്ചേക്കും, ഹൗ മെനി കിലോമീറ്റേർസ് ഫ്രം വെസ്റ്റ് ഇൻഡീസ്‌ ടു ഫ്ലോറിഡ? അതിന്റെ ഉത്തരം ഡോളേഴ്‌സ് & ഡോളേഴ്‌സ് എന്നു പറഞ്ഞാൽ ആരും തെറ്റിദ്ധരിക്കേണ്ട.

രണ്ട് ഫോർമാറ്റിനും വേറെ വേറെ ടീമുകളും ക്യാപ്റ്റൻമാരുമാണ്. ടി20 വേൾഡ് കപ്പ് അടുത്തത് കൊണ്ടാകണം, ടി20 ടീമിനെ നയിക്കുന്നത് രോഹിത് ശർമ്മ തന്നെ, ഒഡിഐ ടീമിനെ ശിഖർ ധവാനും.

കഴിഞ്ഞ രണ്ട് മാസത്തെ ബിസിസിഐയുടെ കളികൾ കണ്ട് കളിക്കാർ ആകെ ആശങ്കയിലാകും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ആരൊക്കെ ഏതൊക്കെ ടീമിൽ, എവിടൊക്കെ കളിക്കും എന്നു ആർക്കും അറിയില്ല. വെസ്റ്റ് ഇൻഡീസിലേക്ക് പോകുന്ന കളിക്കാർ കണ്ഫ്യുഷൻ കാരണം ഫോർമാറ്റ് മാറി കളിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ല!

ജ്ഞാനപ്പാനയിൽ നിന്നു കടമെടുത്താൽ, ‘ഒന്നിനുമില്ലൊരു നിശ്ചയം, വരുമോരോരോ ടീം, വന്നപോൽ പോം’ എന്ന സ്ഥിതിയാണ്. ആകെ അറിയാവുന്നത് രോഹിത് തന്നെയാകും വേൾഡ് കപ്പിന് ടീമിനെ നയിക്കുക എന്നതാണ്. ഇത്രയധികം മാറ്റങ്ങൾ ഇത്ര കുറഞ്ഞ സമയത്ത്‌ നടത്തരുതായിരിന്നു, അതും വേൾഡ് കപ്പ് ഇത്ര അടുത്തെത്തി നിൽക്കുമ്പോൾ. ആജ്ഞാനുവർത്ഥികളായ സിലക്ടർമാർക്ക് ഇതിൽ കൂടുതൽ ഒന്നും ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല. ആരോട് പറയാനാണ്, ആര് കേൾക്കാനാണ്.