നികുതി ഇളവ് ഇല്ല, ഇന്ത്യയ്ക്ക് രണ്ട് പ്രധാന ടൂര്‍ണ്ണമെന്റുകള്‍ നഷ്ടമായേക്കും

Sports Correspondent

ഇന്ത്യ ആതിഥേയയത്വം വഹിക്കാനിരിക്കുന്ന രണ്ട് ലോകകപ്പുകള്‍ ഇന്ത്യയ്ക്ക് നഷ്ടമായേക്കുമെന്ന് സൂചനകള്‍. 2021 ടി20 ലോകകപ്പും 2023 ലോകകപ്പും ഇന്ത്യയില്‍ ടാക്സ് ഇളവ് ലഭിക്കില്ലെന്ന കാരണത്താല്‍ ബിസിസിഐയ്ക്ക് നഷ്ടമായേക്കുമെന്നാണ് ഇപ്പോള്‍ അറിയുന്ന വിവരം. ഐസിസിയ്ക്ക് പൊതുവേ വേദികളാകുന്ന രാജ്യങ്ങള്‍ നികുതി ഇളവ് നല്‍കാറുണ്ടെങ്കിലും 2016ല്‍ ടി20 ലോകകപ്പ് നടത്തിയപ്പോള്‍ ഭാരത സര്‍ക്കാര്‍ ഐസിസിയ്ക്ക് ഈ ഇളവ് നല്‍കിയിരുന്നില്ല.

അന്ന് 160 കോടിയ്ക്ക് അടുത്ത വരുന്ന നികുതി പണം അടയ്ക്കേണ്ടി വന്നത് ഐസിസിയാണ്. അത് ബിസിസിഐയോട് ഐസിസി ആവശ്യപ്പെടുകയാണുണ്ടായത്. ആ തുക നല്‍കാത്ത പക്ഷം ഭാവിയില്‍ ടൂര്‍ണ്ണമെന്റുകള്‍ ഇന്ത്യയ്ക്ക് നല്‍കില്ലെന്നാണ് അറിയുന്നത്. ഇന്ത്യയില്‍ നടക്കുന്ന ഇത്തരം ആഗോള ടൂര്‍ണ്ണമെന്റുകളില്‍ നിന്നുള്ള നികുതി ബാധ്യത ബിസിസിഐ വഹിക്കുവാന്‍ തയ്യാറാകുകയാണെങ്കില്‍ മാത്രമേ ഭാവിയില്‍ ഇന്ത്യയില്‍ ഇത്തരം ടൂര്‍ണ്ണമെന്റുകള്‍ നടക്കുകയുള്ളു.

ബിസിസിഐ സര്‍ക്കാരുമായി ചര്‍ച്ചകള് നടത്തുന്നുണ്ടെങ്കിലും മുമ്പ് അത് ഫലം കണ്ടിരുന്നില്ല. പുതിയ സര്‍ക്കാര്‍ വരുന്നത് വരെ കാത്തിരിക്കുവാനാണ് ഇപ്പോള്‍ ബിസിസിഐ ഐസിസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഐസിസി ചെയര്‍മാന്‍ സര്‍ക്കാരില്‍ നിന്ന് അനുകൂല നടപടിയില്ലെങ്കില്‍ ബിസിസിഐ ഈ ചെലവ് വഹിക്കണമെന്ന പക്ഷക്കാരനാണ്. തിരഞ്ഞെടുപ്പിനു ശേഷം സര്‍ക്കാരുമായി ചര്‍ച്ചയില്‍ അനുകൂല സാഹചര്യം ഉടലെടുക്കുന്നില്ലെങ്കില്‍ ബിസിസിഐയ്ക്ക് ടൂര്‍ണ്ണമെന്റുകള്‍ നഷ്ടമാകുമെന്നാണ് അറിയുന്നത്.

ഇത് കൂടാതെ ഇന്ത്യയില്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് വിസ നിഷേധിക്കുന്നതും ഇന്ത്യയുടെ സാധ്യതകളെ ബാധിക്കുന്നുണ്ട്. ലോകകപ്പ് ഷൂട്ടിംഗ് മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്തിയപ്പോള്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് വിസ നിഷേധിക്കപ്പെടുകയും അതിനെത്തുടര്‍ന്ന് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മീഷന്‍ ഇന്ത്യയെ ഭാവിയില്‍ ഒളിമ്പിക്സുമായി ബന്ധപ്പെട്ട മത്സര ഇനങ്ങള്‍ നടത്തുന്നത് വിലക്കുകയും ചെയ്തിരുന്നു.

പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് ഇന്ത്യ വിസ നല്‍കുന്നില്ലെങ്കില്‍ ബിസിസിഐയ്ക്ക് മേലും ഐസിസി ഇത്തരം സസ്പെന്‍ഷന്‍ നടപടികള്‍ ചുമത്തിയേക്കാനും സാധ്യതയുണ്ട്.