ചെന്നൈ ടെസ്റ്റിന്റെ മൂന്നാം ദിവസം 23 റണ്‍സ് കൂടി നേടുന്നതിനിടെ ഇംഗ്ലണ്ട് ഓള്‍ഔട്ട് ആയി. തങ്ങളുടെ ആദ്യ ഇന്നിംഗ്സ് 578ല്‍ അവസാനിച്ച ശേഷം രോഹിത്തിനെ പുറത്താക്കി ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നല്‍കുവാന്‍ ഇംഗ്ലണ്ടിന് സാധിച്ചുവെങ്കിലും പിന്നീട് ശുഭ്മന്‍ ഗില്ലും ചേതേശ്വര്‍ പുജാരയും ചേര്‍ന്ന് ലഞ്ച് വരെ ഇന്ത്യയെ സുരക്ഷിതമായി എത്തിക്കുമെന്ന പ്രതീതി നല്‍കിയെങ്കിലും ജോഫ്ര ആര്‍ച്ചര്‍ 29 റണ്‍സ് നേടിയ ഗില്ലിനെ വീഴ്ത്തി ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി നല്‍കി.
നേരത്തെ ആറ് റണ്‍സ് നേടിയ രോഹിത്തിനെയും ജോഫ്രയാണ് പുറത്താക്കിയത്. ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ 59/2 എന്ന നിലയില്‍ ആണ്. 20 റണ്‍സുമായി പുജാരയും 4 റണ്‍സ് നേടി വിരാട് കോഹ്‍ലിയുമാണ് ക്രീസിലുള്ളത്.
നേരത്തെ 555/8 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് ഡൊമിനിക്ക് ബെസ്സിനെയും(34) ജെയിംസ് ആന്‍ഡേഴ്സണിനെയും(1) നഷ്ടമായതോടെ ഇന്നിംഗ്സിന് തിരശ്ശീല വീഴുകയായിരുന്നു. ജാക്ക് ലീഷ് 14 റണ്‍സുമായി പുറത്താകാതെ നിന്നു. ബെസ്സിനെ ബുംറയും ആന്‍ഡേഴ്സണെ അശ്വിനുമാണ് വീഴ്ത്തിയത്.