മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 321 റൺസെടുത്തു. എന്നിരുന്നാലും, മഴ കാരണം കളി നേരത്തെ ലഞ്ചിനായി കളി നിർത്തിവെക്കുകയായിരുന്നു, 105ആം ഓവറിന് ശേഷം അമ്പയർമാർ ഉച്ചഭക്ഷണം പ്രഖ്യാപിച്ചു. രാവിലെ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും, ഇന്ത്യ 22 ഓവറിൽ 57 റൺസ് നേടുകയും സ്കോർബോർഡ് ചലിപ്പിക്കുകയും ചെയ്തു.

നാല് വിക്കറ്റ് നഷ്ടത്തിൽ 264 റൺസ് എന്ന നിലയിൽ നിന്ന് കളി പുനരാരംഭിച്ച രവീന്ദ്ര ജഡേജയും ഷാർദുലൂം ഇന്ത്യയുടെ ശക്തമായ അടിത്തറയിൽ കൂടുതൽ റൺസ് കൂട്ടിച്ചേർക്കാൻ ശ്രമിച്ചു. എന്നാൽ, ജഡേജയ്ക്ക് അധികം നേരം പിടിച്ചുനിൽക്കാനായില്ല, ജോഫ്ര ആർച്ചറുടെ മികച്ചൊരു പന്തിൽ അദ്ദേഹം പുറത്തായി. ജഡേജ പുറത്തായതിന് ശേഷം ഷാർദുൽ താക്കൂർ 88 പന്തിൽ 41 റൺസ് നേടി ഇന്ത്യയെ 300 കടത്താൻ സഹായിച്ചു.
ഒന്നാം ദിനം കാൽമുട്ടിന് പരിക്കേറ്റ് ഏറെ സമയവും കളത്തിന് പുറത്തായിരുന്ന റിഷഭ് പന്ത് ക്രീസിലേക്ക് തിരിച്ചെത്തിയതാണ് ഈ സെഷനിലെ ഏറ്റവും പ്രചോദനം നൽകുന്ന നിമിഷം. ഷാർദുലിന്റെ വിക്കറ്റ് വീണതിന് ശേഷം ക്രീസിലെത്തിയ പന്ത് ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും ബാറ്റ് ചെയ്തു, മഴ കളി തടസ്സപ്പെടുത്തുമ്പോൾ 55 പന്തിൽ 39 റൺസെടുത്ത് പുറത്താകാതെ നിന്നു. മറുവശത്ത്, വാഷിംഗ്ടൺ സുന്ദർ 72 പന്തിൽ 20 റൺസെടുത്ത് ഉറച്ചുനിന്നു.
ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്സ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി, ഷാർദുലിന്റെ നിർണായക വിക്കറ്റും അതിൽപ്പെടുന്നു. ജോഫ്ര ആർച്ചറും ലിയാം ഡോസണും ഓരോ വിക്കറ്റ് വീതം നേടി, ക്രിസ് വോക്സ് നേരത്തെ ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു.