എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ആധിപത്യം തുടർന്നു. രണ്ടാം ഇന്നിംഗ്സ് 427/6 എന്ന നിലയിൽ ഡിക്ലയർ ചെയ്തതോടെ ഇന്ത്യക്ക് 607 റൺസിന്റെ കൂറ്റൻ ലീഡായി. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ 162 പന്തിൽ നിന്ന് നേടിയ 161 റൺസും റിഷഭ് പന്തിന്റെ 58 പന്തിൽ നിന്ന് നേടിയ വെടിക്കെട്ട് 65 റൺസും സന്ദർശകർക്ക് മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെക്കാൻ സഹായിച്ചു.

ഇന്നിംഗ്സിന്റെ തുടക്കത്തിൽ കെ.എൽ. രാഹുൽ 55 റൺസെടുത്ത് മികച്ച അടിത്തറ പാകി. കരുൺ നായർ 26 റൺസ് സംഭാവന ചെയ്തു. രവീന്ദ്ര ജഡേജ 69 റൺസുമായി പുറത്താകാതെ നിന്ന് മധ്യനിരയ്ക്ക് ഉറച്ച പിന്തുണ നൽകി. വാഷിംഗ്ടൺ സുന്ദർ 7 പന്തിൽ നിന്ന് 12 റൺസെടുത്ത് വേഗത്തിൽ റൺസ് നേടി.
ഇംഗ്ലണ്ടിനായി ബൗളർമാരിൽ ഷൊയ്ബ് ബഷീർ 2/119 എന്ന നിലയിൽ തിളങ്ങിയപ്പോൾ, ജോഷ് ടോംഗ് രണ്ട് വിക്കറ്റ് നേടിയെങ്കിലും 15 ഓവറിൽ 93 റൺസ് വഴങ്ങി റൺസ് വിട്ടുകൊടുത്തു. റൂട്ടും കാർസും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയെങ്കിലും ഇംഗ്ലണ്ട് ബൗളിംഗിൽ സ്ഥിരതയും മൂർച്ചയും ഉണ്ടായിരുന്നില്ല.
വലിയ വിജയലക്ഷ്യം ബാസ്ബോൾ ടാക്ടിക്സുമായി ചെയ്സ് ചെയ്യുക ആകും ഇംഗ്ലണ്ടിന്റെ ലക്ഷ്യം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു ടീമും ഇത്ര വലിയ ലക്ഷ്യം ചെയ്സ് ചെയ്തിട്ടില്ല. ഇനി ഈ ടെസ്റ്റിൽ 108 ഓവറുകൾ ആയിരിക്കും ബാക്കി.