ഇന്ത്യ ടി20 ലോകകപ്പ് സ്വന്തമാക്കി. ഇന്ന് ബാർബഡോസിൽ നടന്ന ആവേശകരമായ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 7 റൺസിന് തോൽപ്പിച്ച് ആണ് ഇന്ത്യ ലോക ചാമ്പ്യന്മാർ ആയത്. ഇന്ന് ഇന്ത്യ ഉയർത്തിയ 177 എന്ന വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 169 റൺസ് ആണ് എടുത്തത്. അവസാന 5 ഓവറിൽ 30 റൺസ് എന്ന രീതിയിൽ ദക്ഷിണാഫ്രിക്ക വിജയത്തിന് അടുത്ത് എത്തിയ സമയത്ത് നിന്ന് ആണ് ഇന്ത്യ ഇന്ന് കളി തിരിച്ചു പിടിച്ചത്. ഇന്ത്യയുടെ രണ്ടാം ടി20 ലോകകപ്പ് കിരീടവും ആകെ നാലം ലോകകപ്പ് കിരീടവും ആണ്.
ഇന്ന് തുടക്കത്തിൽ തന്നെ ദക്ഷിണാഫ്രിക്കയുടെ രണ്ട് വിക്കറ്റുകൾ വീഴ്ത്താൻ ഇന്ത്യക്ക് ആയി. 4 റൺസ് എടുത്ത റീസ ഹെൻഡ്രിക്സിനെ ബുമ്രയും 4 റൺസ് എടുത്ത മാക്രത്തെ അർഷ്ദീപും പുറത്താക്കി. ഇതിനു ശേഷം സ്റ്റബ്സും ഡികോക്കും ചേർന്ന് ദക്ഷിണാഫ്രിക്കയെ കരകയറ്റി.
സ്റ്റബ്സ് 21 പന്തിൽ നിന്ന് 31 റൺസ് എടുത്ത് അക്സർ പട്ടേലിന്റെ പന്തിൽ പുറത്തായി. ഇതിനു ശേഷം ക്ലാസനും ഡി കോക്കും ചേർന്നു. ഇവർ അനായാസമാണ് ഇന്ത്യൻ ബൗളർമാർക്ക് എതിരെ ബാറ്റു ചെയ്തത്. 12 ഓവറിലേക്ക് ദക്ഷിണാഫ്രിക്ക 100 കടന്നു.
അവസാന 8 ഓവറിൽ 76 റൺസ് ആയിരുന്നു ജയിക്കാൻ വേണ്ടത്. 13ആം ഓവറിൽ ഡി കോക്കിനെ അർഷ്ദീപ് പുറത്താക്കി. 31പന്തിൽ നിന്ന് 39 റൺസ് ആണ് ഡി കോക്ക് എടുത്തത്. പക്ഷെ ദക്ഷിണാഫ്രിക്കയുടെ അറ്റാക്കിന്റെ വേഗത കൂടിയതേ ഉള്ളൂ. ക്ലാസൻ അവരെ മുന്നിൽ നിന്ന് നയിച്ചും അക്സർ പട്ടേലിന്റെ 15ആം ഓവറിൽ 24 റൺസ് ആണ് ദക്ഷിണാഫ്രിക്ക അടിച്ചത്. ഇതോടെ കളി ദക്ഷിണാഫ്രിക്കയിലേക്ക് അടുത്തു. അവസാന 30 പന്തിൽ നിന്ന് 30 റൺസ് മാത്രമെ അവർക്ക് വേണ്ടിയിരുന്നുള്ളൂ.
ഹാർദിക് എറിഞ്ഞ 17ആം ഓവറിലെ ആദ്യ പന്തിൽ ക്ലാസൻ പുറത്തായത് ഇന്ത്യക്ക് പ്രതീക്ഷ നൽകി. ക്ലാസൻ 27 പന്തിൽ നിന്ന് 52 റൺസ് ആണ് നേടിയത്. അവസാന മൂന്ന് ഓവറിൽ 23 റൺസ് ആയിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടത്. ബുമ്രയുടെ 18ആം ഓവർ ദക്ഷിണാഫ്രിക്കയെ വിറപ്പിച്ചു. യാൻസന്റെ വിക്കറ്റ് ബുമ്ര എടുത്തു. 3 റൺസ് മാത്രമാണ് വിട്ടു നൽകിയത്.
ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ 2 ഓവറിൽ 20 റൺസ്. അർഷ്ദീപ് 19ആം ഓവറിൽ കൊടുത്തത് വെറും നാല് റൺസ്. അവസാന ഓവറി വേണ്ടത് 16 റൺസ്. ഹാർദിക് ബൗൾ എറിയാൻ. മില്ലർ സ്ട്രൈക്കിൽ. ആദ്യ പന്തിൽ മില്ലറിന്റെ കൂറ്റൻ അടി. സൂര്യകുമാർ സിക്സ് ലൈനിൽ ടൂർണമെന്റിന്റെ ക്യാച്ച് എടുത്ത് ഇന്ത്യയുടെ രക്ഷയ്ക്ക്. മില്ലർ ഔട്ട്.
അഞ്ചു പന്തിൽ 16. അടുത്ത പന്തിൽ റബാദയുടെ എഡ്ജിൽ 4. അടുത്ത പന്തിൽ സിംഗിൽ. പിന്നെ 3 പന്തിൽ നിന്ന് 11. അടുത്ത പന്തിൽ 1 റൺ. 2 പന്തിൽ ഇനി പത്ത് റൺസ് എന്ന അവസ്ഥ. അടുത്ത പന്ത് വൈഡ്. 2 പന്തിൽ 9 ആയി ലക്ഷ്യം കുറഞ്ഞു. അടുത്ത പന്തിൽ റബാദ ഔട്ട്. 1 പന്തിൽ 9 റൺസ് എന്ന അവസ്ഥയിലേക്ക്. ജയവും കിരീടവും ഇന്ത്യക്ക്.
ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് 20 ഓവറിൽ 176/7 എന്ന പൊരുതാവുന്ന സ്കോർ എടുത്തിരുന്നു. തുടക്കത്തിൽ മൂന്ന് വിക്കറ്റുകൾ പോയി എങ്കിലും ഇന്ത്യ മികച്ച രീതിയിൽ തിരിച്ചുവന്നു. തുടക്കത്തിൽ 9 റൺസ് എടുത്ത രോഹിത് ശർമ്മ, റൺ ഒന്നും എടുക്കാത്ത പന്ത്, 3 റൺസ് എടുത്ത സൂര്യകുമാർ എന്നിവരെ ഇന്ത്യക്ക് നഷ്ടമായി.
എന്നാൽ അതിനു ശേഷം വിരാട് കോഹ്ലിയും അക്സർ പട്ടേലും ചേർന്ന് ഇന്ത്യക്ക് ആയി നാലാം വിക്കറ്റിൽ നല്ല കൂട്ടുക്കെട്ട് പടുത്തു. അക്സർ പട്ടേൽ 14ആം ഓവറിൽ റണ്ണൗട്ട് ആകുന്നത് വരെ ആ കൂട്ടുകെട്ട് നീണ്ടു. അക്സർ പട്ടേൽ 31 പന്തിൽ നിന്ന് 47 റൺസ് എടുത്താണ് പുറത്തായത്. നാലു സിക്സും ഒരു ഫോറും അക്സറിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു.
അക്സർ പോയതിനു ശേഷം ദൂബെ ക്രീസിൽ എത്തി. കോഹ്ലി 48 പന്തിൽ നിന്ന് 50ൽ എത്തി. കോഹ്ലിയുടെ ഈ ലോകകപ്പിലെ ആദ്യ അർധ സെഞ്ച്വറി ആയിരുന്നു ഇത്. അർധ സെഞ്ച്വറി നേടിയ ശേഷം കോഹ്ലി കൂടുതൽ അറ്റാക്കിലേക്ക് തിരിഞ്ഞു. 58 പന്തിൽ 76 റൺസ് ആണ് കോഹ്ലി ആകെ എടുത്തത്. 2 സിക്സും 6 ഫോറും വിരാടിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു.
ദൂബെയും 16 പന്തിൽ 27 റൺസിന്റെ ഇന്നിംഗ്സ് കൂടെ ആയതോടെ ഇന്ത്യ 170 കടന്നു.