എമേര്‍ജിംഗ് ടീംസ് ഏഷ്യ കപ്പിൽ ബംഗ്ലാദേശിനെതിരെ മികച്ച സെമി വിജയം നേടി ഇന്ത്യ. ഫൈനലില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും. ഇന്ന് ബാറ്റിംഗ് വേണ്ട വിധം ശോഭിയ്ക്കാതിരുന്നപ്പോള്‍ ഇന്ത്യ 211 റൺസിന് ഓള്‍ഔട്ട് ആയെങ്കിലും എതിരാളികളെ 160 റൺസിന് എറിഞ്ഞ് പിടിച്ച് ഇന്ത്യ ഫൈനല്‍ സ്ഥാനം നേടുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എയ്ക്ക് 211 റൺസ് മാത്രമാണ് നേടാനായത്. ഇന്ത്യന്‍ ടീം 49.1 ഓവറിൽ ഓള്‍ഔട്ട് ആയപ്പോള്‍ 66 റൺസ് നേടിയ ക്യാപ്റ്റന്‍ യഷ് ദുൽ ആണ് ടീമിന്റെ ടോപ് സ്കോറര്‍. സായി സുദര്‍ശന്‍ (21), അഭിഷേക് ശര്‍മ്മ(34), മാനവ് സുധാര്‍(21) എന്നിവരാണ് മറ്റു സ്കോറര്‍മാര്‍. ബംഗ്ലാദേശിനായി മഹേദി ഹസന്‍, തന്‍സിം ഹസന്‍ ഷാക്കിബ്, റാകിബുള്‍ ഹസന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.
212 റൺസ് വിജയ ലക്ഷ്യം തേടിയറങ്ങിയ ബംഗ്ലാദേശ് മികച്ച നിലയിലായിരുന്നു ഒരു ഘട്ടത്തിൽ നിന്നത്. ഓപ്പണര്‍മാര്‍ 70 റൺസ് നേടി നൽകിയ തുടക്കം എന്നാൽ ടീമിന് തുടരാനായില്ല. തുടരെ വിക്കറ്റുകളുമായി ഇന്ത്യന്‍ ടീം സമ്മര്‍ദ്ദം സൃഷ്ടിച്ചപ്പോള്‍ ടീം 154/7 എന്ന നിലയിലേക്ക് വീഴുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
മൊഹമ്മദ് നയിം 38 റൺസും തന്‍സിദ് ഹസന്‍ 51 റൺസും നേടി നൽകിയ തുടക്കത്തിന് ശേഷം വലിയ സ്കോറുകളിലേക്ക് ബംഗ്ലാദേശ് ബാറ്റ്സ്മാന്മാര്‍ക്ക് എത്തുവാന്‍ സാധിച്ചില്ല. സൈഫ് ഹസന്‍(22) റൺസ് നേടിയ പുറത്തായപ്പോള്‍ * റൺസ് നേടിയ മഹമ്മുദുള്ള ഹസന്‍ ജോയ് ആണ് പിന്നീട് പൊരുതി നോക്കിയത്. 34.2 ഓവറിൽ ബംഗ്ലാദേശ് 160 റൺസിനൊതുങ്ങിയപ്പോള്‍ ഇന്ത്യ 51 റൺസ് വിജയം നേടി.
ഇന്ത്യന്‍ ബൗളിംഗിൽ നിഷാന്ത് സന്ധു 5 വിക്കറ്റും മാനവ് സുധാര്‍ 3 വിക്കറ്റും നേടിയാണ് ബംഗ്ലാദേശിന്റെ നടുവൊടിച്ചത്.