രാജകീയം! ഓസ്ട്രേലിയയെ അനായാസം മറികടന്ന് ഇന്ത്യക്ക് പരമ്പര

നിർണ്ണായകമായ മൂന്നാം ഏകദിന മത്സരത്തിൽ ഓസ്ട്രേലിയയെ തോൽപ്പിച്ച് രാജകീയമായി പരമ്പര സ്വന്തമാക്കി ഇന്ത്യ. ഓസ്ട്രേലിയ ഉയർത്തിയ 287 എന്ന ലക്‌ഷ്യം ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു. 7 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യ ഏകദിന ഏകപക്ഷീയമായി പരാജയപെട്ടതിന് ശേഷം ശക്തമായി തിരിച്ചടിച്ചാണ് ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കിയത്.

ഇന്ത്യക്ക് വേണ്ടി വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ സെഞ്ചുറി നേടിയപ്പോൾ അർദ്ധ സെഞ്ചുറിയുമായി ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഇന്ത്യയുടെ വിജയമുറപ്പിക്കുകയായിരുന്നു. അവസാന ഓവറുകളിൽ അടിച്ചു കളിച്ച ശ്രേയസ് അയ്യർ ഇന്ത്യയുടെ ജയം അനായാസമാക്കുകയും ചെയ്തു. രോഹിത് ശർമ്മ 119 റൺസും വിരാട് കോഹ്‌ലി 89 റൺസുമെടുത്ത് പുറത്തായപ്പോൾ 31 പന്തിൽ നിന്ന് 42 റൺസ് എടുത്ത് ശ്രേയസ് അയ്യർ പുറത്താവാതെ നിന്നു.

നേരത്തെ സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറിയുടെ മികവിൽ ഓസ്ട്രേലിയ 286 റൺസ് എടുത്തിരുന്നു. ഇന്ത്യക്ക് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് ഓസ്ട്രേലിയയെ കുറഞ്ഞ സ്‌കോറിൽ ഒതുക്കിയത്.

Previous article29 ആം സെഞ്ചുറിയുമായി രോഹിത്ത് മടങ്ങി, ഇന്ത്യ ജയത്തിലേക്ക്
Next articleപെനാൽറ്റിയിൽ വാർഡിക്ക് പിഴച്ചു, ലെസ്റ്ററിന് തോൽവി