മൂന്നാം ഏകദിനം വിജയിച്ച പരമ്പര സ്വന്തമാക്കാം എന്ന ഇന്ത്യൻ ആഗ്രഹത്തിന് തിരിച്ചടി. ബംഗ്ലാദേശിന് എതിരായ പരമ്പരയിലെ അവസാന മത്സരം ടൈയിൽ ആണ് അവസാനിച്ചത്. സൂപ്പർ ഓവർ ഇല്ലാത്തതിനാൽ പരമ്പര 1-1 നിലയിൽ ഇരു ടീമുകളും പങ്കുവെക്കും. ബംഗ്ലാദേശ് ഉയർത്തിയ 226 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 225 റണ്ണിൽ ഓളൗട്ട് ആവുക ആയിരുന്നു.
പലപ്പോഴും പ്രതിരോധത്തിൽ ആയ ഇന്ത്യ അവസാനം ജെമീമയുടെ ഇന്നിംഗ്സിൽ വിജയത്തിന് അടുത്ത് എത്തിയതായിരുന്നു. എന്നാൽ മറുവശത്ത് വിക്കറ്റുകൾ എല്ലാം വീണതോടെ ജമീമ നിസ്സഹായ ആയി. ജമീമ 33 റൺസുമായി ഒരു വശത്ത് പുറത്താകാതെ നിൽക്കെയാണ് ഇന്ത്യ ടൈയിൽ തൃപ്തി അടയേണ്ടി വന്നത്.
സ്മൃതി മന്ദാന 57 റൺസും ഹാർലീൻ 77 റൺസും എടുത്തു ഇന്ത്യയെ ഒരു ഘട്ടത്തിൽ ഭേദപ്പെട്ട സ്കോറിലെത്തിച്ചതായിരുന്നു. പിന്നെയാണ് വിക്കറ്റുകൾ ഒന്നിനു പിറകെ ഒന്നായി വീണത്.
ഇന്ന് മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് ഇന്ത്യക്ക് എതിരെ 226 എന്ന ടാർഗറ്റ് ഉയർത്തി. ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ ഫർഗാന ഹഖ് നേടിയ സെഞ്ച്വറിയാണ് ബംഗ്ലാദേശിന് കരുത്തായത്. ബംഗ്ലാദേശ് വനിതകൾക്കായി ഏകദിന സെഞ്ച്വറി നേടുന്ന ആദ്യ താരമായി ഫർഗാന ഇന്ന് മാറി. 160 പന്തിൽ നിന്ന് 105 റൺസ് എടുത്ത അവൾ അവസാനം റണ്ണുഅട്ട് ആവുക ആയിരുന്നു. ആറ് ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു ഇന്നിങ്സ്.
52 റൺസ് എടുത്ത ഷമീമ സുൽത്താനയും ബംഗ്ലാദേശ് ബാറ്റിങ് നിരയിൽ നിന്ന് തിളങ്ങി. നിഗാർ സുൽത്താൻ 24 റൺസും ശോഭന 23 റൺസും എടുത്തു. 50 ഓവറിൽ 225/4 എന്ന നിലയിലാണ് ബംഗ്ലാദേശ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ഇന്ത്യക്കു വേണ്ടി സ്നേഹ റാണ 2 വിക്കറ്റും ദേവിക ഒരു വിക്കറ്റും നേടി.