ത്രിരാഷ്ട്ര പരമ്പരയിലെ ഫൈനലില്‍ ഇംഗ്ലണ്ടിനെ 5 വിക്കറ്റിനു തറപ്പറ്റിച്ച് ഇന്ത്യ എ. ഇംഗ്ലണ്ട് ലയണ്‍സിനെ ആദ്യം ബാറ്റ് ചെയ്യാനയയ്ച്ച ഇന്ത്യന്‍ നായകന്‍ ശ്രേയസ്സ് അയ്യറിനു ആഗ്രഹിച്ച തുടക്കമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ നല്‍കിയത്. തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ഇംഗ്ലണ്ട് ലയണ്‍സിനെ വീണ്ടും മത്സരത്തിലേക്ക് തിരികെയെത്തിക്കുകയായിരുന്നു. 152 റണ്‍സാണ് സാം ഹെയിന്‍-ലിയാം ലിവിംഗ്സ്റ്റണ്‍ കൂട്ടുകെട്ട് ഇംഗ്ലണ്ടിനായി മൂന്നാം വിക്കറ്റില്‍ നേടിയത്.
83 റണ്‍സ് നേടിയ ലിവിംഗ്സ്റ്റണ്‍ പുറത്തായ ശേഷം ഇന്ത്യ തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ശക്തമായ തിരിച്ചുവരവ് മത്സരത്തിലേക്ക് നടത്തുകയായിരുന്നു. സാം ഹെയിന്‍ ഒരു വശത്ത് നിന്ന് പൊരുതിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാരുടെ മുന്നില്‍ ലയണ്‍സ് മധ്യനിര തകരുകയായിരുന്നു. 185/2 എന്ന നിലയില്‍ നിന്ന് ടീം 264/9 എന്ന നിലയില്‍ ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു.
ഇന്ത്യയ്ക്കായി ദീപക് ചഹാറും ഖലീല്‍ അഹമ്മദും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ശര്‍ദ്ധുല്‍ താക്കൂര്‍ രണ്ടും ക്രുണാല്‍ പാണ്ഡ്യ ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഋഷഭ് പന്ത് 64 റണ്‍സുമായി പുറത്താകാതെ നിന്നു. ക്രുണാല്‍ പാണ്ഡ്യയും പന്തും ചേര്‍ന്ന് 48.2 ഓവറില്‍ ഇന്ത്യയെ അഞ്ച് വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 34 റണ്‍സാണ് പാണ്ഡ്യയുടെ സംഭാവന. ശ്രേയസ്സ് അയ്യര്‍(44), ഹനുമ വിഹാരി(37), മയാംഗ് അഗര്‍വാല്‍(40) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.
ഇംഗ്ലണ്ടിനായി ലിയാം ഡോസണ്‍ രണ്ടും മാത്യൂ ഫിഷര്‍, സ്റ്റീവന്‍ മുല്ലാനി എന്നിവര്‍ ഓരോ വിക്കറ്റും നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial