ഇന്ത്യ എയും ഇംഗ്ലണ്ട് ലയൺസും തമ്മിലുള്ള ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ വിജയം. തിരുവനന്തപുരത്തെ സ്പോർട്സ് ഹബിൽ നടന്ന മത്സരത്തിൽ 3 വിക്കറ്റിനാണ് ഇന്ത്യ വിജയം കണ്ടത്. ഇംഗ്ലണ്ട് ഉയർത്തിയ 286 എന്ന സ്‌കോർ 7 വിക്കറ്റ് നഷ്ടത്തിൽ 49.1 ഓവറിൽ ഇന്ത്യ മറികടക്കുകയായിരുന്നു. അവസാന നിമിഷം ആഞ്ഞടിച്ച വിക്കറ്റ് കീപ്പർ ഇഷാൻ (57) ആണ് ഇന്ത്യയുടെ വിജയശില്പി.
ആദ്യ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ലയൺസ് നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 285 റൺസ് ആയിരുന്നു എടുത്തത്. സാം ബില്ലിംഗ്സ് നേടിയ സെഞ്ച്വറിയുടെ (108) ബലത്തിൽ ആണ് ഇംഗ്ലണ്ട് മികച്ച സ്‌കോറിൽ എത്തിയത്. ഇന്ത്യക്ക് വേണ്ടി സിദ്ധാർഥ് കൗൾ മൂന്നും മായങ്ക്, അക്‌സർ പട്ടേൽ എന്നിവർ രണ്ടു വീതവും വിക്കറ്റുകൾ സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ എ കരുതലോടെയാണ് തുടങ്ങിയത്. ക്യാപ്റ്റൻ അജിൻക്യ രഹാനെയും അൻമോൽപ്രിത് സിങ്ങും ചേർന്ന് 66 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് ഉണ്ടാക്കി. അൻമോൽപ്രിത് 33 റൺസ് എടുത്തു പുറത്തായി. തുടർന്ന് ശ്രെയസ് അയ്യരുമായി (45) മികച്ച കൂട്ടുകെട്ട് ഉണ്ടാക്കിയ രഹാനെ അർദ്ധ സെഞ്ച്വറി തികച് പുറത്തായി. തുടർച്ചയായി മൂന്നു വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ട് ഇന്ത്യയെ സമ്മർദ്ദത്തിലാക്കി, ശ്രെയസ്, രഹാനെ, വിഹാരി എന്നിവരെ നിശ്ചിത ഇടവേളകളിൽ വീഴ്ത്തി ഇംഗ്ലണ്ട് പിടിമുറുക്കി ഇന്ത്യയുടെ സ്കോറിങ് പതുക്കെയാക്കി.
തുടർന്ന് ഇഷാൻ ആയിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്. ഒരറ്റത്തു വിക്കറ്റുകൾ വീണു കൊണ്ടിരുന്നു എങ്കിലും പിടിച്ചു നിന്ന ഇഷാൻ, ശര്‍ദുലിനെ കൂട്ടുപിടിച് അവസാനം ആഞ്ഞടിച്ചു ഇന്ത്യയെ വിജയ തീരത്തെത്തിച്ചു.