ഓസ്ട്രേലിയക്കെതിരെയുള്ള മൂന്നാമത്തെ ടെസ്റ്റ് മത്സരത്തിന് മുൻപ് ഇന്ത്യൻസ് ബാറ്റ്സ്മാൻമാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ബാറ്റ്സ്മാൻമാർ കുറച്ചുകൂടെ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കണമെന്നാണ് കോഹ്‌ലി മുന്നറിയിപ്പ് നൽകിയത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും പൂജാരയും ഒഴികെ മറ്റാരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നില്ല. ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടിയ പൂജാരയുടെ പ്രകടനമാണ് ഇന്ത്യക്ക് അഡ്ലെയ്ഡിൽ ജയം നൽകിയത്.
രണ്ടാം ടെസ്റ്റിൽ വിരാട് കോഹ്‌ലി സെഞ്ചുറി നേടിയെങ്കിലും ഇന്ത്യക്ക് ജയം നേടാനായിരുന്നില്ല. തുടർന്നാണ് നാളെ തുടങ്ങുന്ന മൂന്നാമത്തെ ടെസ്റ്റിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർ മികച്ച പ്രകടനം പുറത്തെടുക്കണമെന്ന് വിരാട് കോഹ്‌ലി പറഞ്ഞത്. ആദ്യ രണ്ടു ടെസ്റ്റുകളിൽ മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ പോയ കെ.എൽ രാഹുലിനെയും മുരളി വിജയിയെയും മൂന്നാമത്തെ ടെസ്റ്റിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇവർക്ക് പകരം ഹനുമ വിഹാരിക്കും മായങ്ക് അഗർവാളിനും നാളെ നടക്കുന്ന ടെസ്റ്റിൽ അവസരം നൽകിയിട്ടുണ്ട്.













