വെസ്റ്റിൻഡീസിന് എതിരായ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ഇന്ന് നടന്ന മൂന്നാം ഏകദിനത്തിൽ 200 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 351-5 എന്ന മികച്ച സ്കോർ നേടിയിരുന്നു. സഞ്ജു സാംസൺ ഉൾപ്പെടെ നാല് ഇന്ത്യൻ താരങ്ങൾ ഇന്ന് അർധ സെഞ്ച്വറി നേടി.

ഇഷാന്‍ കിഷന്‍(77), ശുഭ്മന്‍ ഗിൽ(85), സഞ്ജു സാംസൺ(51) എന്നിവര്‍ക്കൊപ്പം ഹാര്‍ദ്ദിക് പാണ്ഡ്യയും അര്‍ദ്ധ ശതകം തികച്ചാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്.
ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് 143 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്. റുതുരാജിന്റെ വിക്കറ്റ് വേഗത്തിൽ നഷ്ടമായ ശേഷം സഞ്ജു അതിവേഗത്തിൽ അര്‍ദ്ധ ശതകം നേടി ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. ശുഭ്മന്‍ ഗില്ലിന് ശതകം നഷ്ടമായെങ്കിലും ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താകാതെ 52 റൺസ് നേടി ഇന്ത്യയെ 351 എന്ന മികച്ച സ്കോറിലേക്ക് എത്തിച്ചു.
സൂര്യകുമാര്‍ യാദവ് 35 റൺസ് നേടി പുറത്തായപ്പോള്‍ വെസ്റ്റിന്‍ഡീസിനായി റൊമാരിയോ ഷെപ്പേര്‍ഡ് 2 വിക്കറ്റ് നേടി.

മറുപടി ബാറ്റിങിന് ഇറങ്ങിയ വെസ്റ്റിൻഡീസ് തുടക്കം മുതൽ പതറി. ചെറിയ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി. മുൻ നിരയിൽ 31 റൺസ് എടുത്ത അലിക് അതനസ് മാത്രമാണ് രണ്ടക്കം കണ്ടത്. ഒരു ഘട്ടത്തിൽ വെസ്റ്റിൻഡീസ് 88-8 എന്ന നിലയിൽ ആയിരുന്നു. വാലറ്റനിര കളിച്ചത് കൊണ്ട് മാത്രമാണ് അവർ നൂറ് കടന്നത്. 35.3 ഓവറി 151 റൺസിന് ആളൗട്ട് ആയി. ഇന്ത്യക്ക് വേണ്ടി ശർദ്ധുൽ താക്കൂർ നാലു വിക്കറ്റും മുകേഷ് കുമാർ 3 വിക്കറ്റും കുൽദീപ് 2 വിക്കറ്റും വീഴ്ത്തി. ഉനദ്കട് ഒരു വിക്കറ്റും വീഴ്ത്തി.














