ഏഷ്യ കപ്പ് ഫൈനലിൽ ഇന്ന് ഇന്ത്യ-പാക് പോരാട്ടം

Newsroom

Resizedimage 2025 12 19 18 45 56 1


ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ ആവേശപ്പോരാട്ടം അണ്ടർ-19 ഏഷ്യ കപ്പ് ഫൈനലിൽ ഇന്ന് (ഡിസംബർ 21, ഞായർ) ദുബായിൽ അരങ്ങേറും. എട്ടാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നതെങ്കിൽ, ആദ്യ ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കാനാണ് പാകിസ്താൻ്റെ ശ്രമം.

Resizedimage 2025 12 19 18 45 39 1

ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്താനെ 90 റൺസിന് തകർത്തതിൻ്റെ ആത്മവിശ്വാസത്തിലാണ് ആയുഷ് മാത്രെ നയിക്കുന്ന ഇന്ത്യൻ ടീം ഇന്ന് കളത്തിലിറങ്ങുന്നത്. ഈ ടൂർണമെൻ്റിൽ ഇന്ത്യയുടെ ബാറ്റിംഗ് നിര അതിശക്തമാണ്. 14-കാരൻ വൈഭവ് സൂര്യവംശിയുടെ 171 റൺസും, അഭിഗ്യാൻ കുണ്ടുവിൻ്റെ റെക്കോർഡ് ഇരട്ട സെഞ്ച്വറിയും (209), മലയാളി താരം ആരോൺ ജോർജിൻ്റെ സ്ഥിരതയുള്ള പ്രകടനവും ഇന്ത്യക്ക് വലിയ മുൻതൂക്കം നൽകുന്നു.

ബൗളിംഗിൽ ടൂർണമെൻ്റിലെ വിക്കറ്റ് വേട്ടക്കാരിൽ മുന്നിലുള്ള ദീപേഷ് ദേവേന്ദ്രനാണ് ഇന്ത്യയുടെ കുന്തമുന. മറുഭാഗത്ത്, സമീർ മിൻഹാസിൻ്റെ സെഞ്ച്വറി കരുത്തിലും അലി റാസയുടെ വേഗതയിലുമാണ് പാകിസ്താൻ്റെ പ്രതീക്ഷകൾ. ഡിഫൻഡിംഗ് ചാമ്പ്യന്മാരായ ബംഗ്ലാദേശിനെ സെമിയിൽ വീഴ്ത്തിയാണ് പാകിസ്താൻ ഫൈനലുറപ്പിച്ചത്.


ദുബായ് ഐസിസി അക്കാദമി ഗ്രൗണ്ടിൽ ഇന്ത്യൻ സമയം രാവിലെ 10:30-ന് മത്സരം ആരംഭിക്കും. സോണി സ്പോർട്സ് നെറ്റ്‌വർക്കിലും സോണി ലിവ് ആപ്പിലും മത്സരം തത്സമയം കാണാം.