കഴിഞ്ഞ മത്സരത്തില്‍ ശതകം നേടിയ പാക്കിസ്ഥാന്‍ ഓപ്പണര്‍ ഫകര്‍ സമനെ ആദ്യ ഓവറില്‍ നഷ്ടപ്പെട്ട ശേഷം ഇമാം ഉള്‍ ഹക്കിന്റെ ശതകത്തിന്റെ മികവില്‍ 358 റണ്‍സിലേക്ക് നീങ്ങി പാക്കിസ്ഥാന്‍. ബ്രിസ്റ്റോളിലെ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇമാം ഉള്‍ ഹക്കിന്റെ ശതകത്തിനൊപ്പം ആശിഫ് അലി അര്‍ദ്ധ ശതകം നേടിയപ്പോള്‍ പാക്കിസ്ഥാന്‍ മികച്ച നിലയിലേക്ക് നീങ്ങുകയായിരുന്നു.
131 പന്തില്‍ നിന്ന് 16 ബൗണ്ടറിയും 1 സിക്സും അടക്കമാണ് ഇമാം ഉള്‍ ഹക്ക് തന്റെ 151 റണ്‍സ് നേടിയത്. ഹാരിസ് സൊഹൈലിനെ(41) റണ്ണൗട്ട് രൂപത്തില്‍ നഷ്ടമായ ശേഷം സര്‍ഫ്രാസ് അഹമ്മദിനെയും(27) പാക്കിസ്ഥാന് വേഗത്തില്‍ നഷ്ടമായെങ്കിലും അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് വീണ്ടും പാക്കിസ്ഥാന്‍ ഇന്നിംഗ്സിനെ നേര്‍വഴിയ്ക്ക് നയിക്കുകയായിരുന്നു.
അഞ്ചാം വിക്കറ്റില്‍ 125 റണ്‍സാണ് കൂട്ടുകെട്ട് നേടിയത്. ആസിഫ് അലിയെ ക്രിസ് വോക്സ് പുറത്താക്കിയപ്പോളാണ് കൂട്ടുകെട്ട് തകര്‍ന്നത്. 52 റണ്‍സാണ് ആസിഫ് അലി നേടിയത്. പാക്കിസ്ഥാന്റെ ആദ്യ രണ്ട് വിക്കറ്റുകളും ക്രിസ് വോക്സ് ആണ് വീഴ്ത്തിയത്. പിന്നീട് 22 റണ്‍സ് നേടിയ ഇമാദ് വസീമിനെ സ്വന്തം ബൗളിംഗില്‍ പിടിച്ച് ക്രിസ് വോക്സ് മത്സരത്തിലെ തന്റെ നാലാം വിക്കറ്റ് നേടി സ്പെല്‍ പൂര്‍ത്തിയാക്കി.
അവസാന ഓവറുകളില്‍ കൂട്ടത്തോടെ വിക്കറ്റുകള്‍ വീണപ്പോള്‍ പാക്കിസ്ഥാന് 370നു മുകളില്‍ സ്കോര്‍ ചെയ്യുവാനുള്ള അവസരം നഷ്ടമായെങ്കിലും ടീം 358 റണ്‍സ് നേടുകയായിരുന്നു 9 വിക്കറ്റ് നഷ്ടത്തില്‍. ടോം കറന്‍ രണ്ട് വിക്കറ്റ് നേടി ക്രിസ് വോക്സിനു മികച്ച പിന്തുണ നല്‍കി. അവസാന ഓവര്‍ എറിഞ്ഞ ഡേവിഡ് വില്ലിയെ 16 റണ്‍സ് നേടിയാണ് പാക്കിസ്ഥാന്‍ ഈ സ്കോറിലേക്ക് എത്തിയത്. 9 പന്തില്‍ 18 റണ്‍സ് നേടി പുറത്താകാതെ നിന്ന ഹസന്‍ അലി നിര്‍ണ്ണായകമായ പ്രകടനം പുറത്തെടുത്തു.