പാകിസ്ഥാൻ ഓൾറൗണ്ടർ ഇമാദ് വസീം തൻ്റെ വിരമിക്കൽ തീരുമാനം പിൻവലിച്ചു. ഈ വർഷം നടക്കാൻ പോകുന്ന 2024 ടി20 ലോകകപ്പിൽ കളിക്കാനായാണ് താരം വിരമിക്കൽ പിൻ വലിച്ചത്. പാകിസ്താൻ സൂപ്പർ ലീഗിൽ മികച്ച പ്രകടനം നടത്തിയതോടെ ഇമാദ് വസീം തിരികെ വരണം എന്ന് ആരാധകർ ആവശ്യം ഉന്നയിച്ചിരുന്നു.
കഴിഞ്ഞ നവംബറിൽ വസീം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ആരാധകരെ ഞെട്ടിച്ചിരുന്നു. 2023 ഏപ്രിലിലാണ് അവസാനം അദ്ദേഹം പാകിസ്ഥാനായി ടി20 കളിച്ചത്. വസീമും മുൻ ക്യാപ്റ്റൻ ബാബർ അസമും തമ്മിലുള്ള പ്രശ്നങ്ങൾ ആയിരുന്നു താരം വിരമിക്കാൻ കാരണം. ഇപ്പോൾ ഷഹീൻ അഫ്രീദി ആണ് പാകിസ്താൻ ക്യാപ്റ്റൻ.
അടുത്തിടെ സമാപിച്ച 2024 പാകിസ്ഥാൻ സൂപ്പർ ലീഗിൽ (പിഎസ്എൽ) വസീമിൻ്റെ ടീമായ ഇസ്ലാമാബാദ് യുണൈറ്റഡിന് കിരീടം നേടാൻ ആയിരുന്നു. ഫൈനലിൽ അഞ്ച് വിക്കറ്റും ഒപ്പം പുറത്താകാതെ 19 റൺസും ഇമാദ് നേടിയിരുന്നു.
മൊത്തത്തിൽ, 12 വിക്കറ്റും 126 റൺസും വസീം പിഎസ്എൽ സീസണിൽ നേടി. വസീം പാക്കിസ്ഥാനുവേണ്ടി 66 ടി20 മത്സരങ്ങളിൽ നിന്ന് 65 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.