ടി20 റാങ്കിങ്ങിൽ വിരാട് കോഹ്‌ലിക്ക് തിരിച്ചടി, നേട്ടമുണ്ടാക്കി കെ.എൽ രാഹുൽ

ഐ.സി.സിയുടെ ഏറ്റവും പുതിയ റാങ്കിങ്ങിൽ ഇന്ത്യൻ ക്യാപ്റ്റനായിരുന്ന വിരാട് കോഹ്‌ലിക്ക് തിരിച്ചടി. നേരത്തെ റാങ്കിങ്ങിൽ നാലാം സ്ഥാനത്തായിരുന്ന വിരാട് കോഹ്‌ലി നാല് സ്ഥാനങ്ങൾ താഴോട്ട് പോയി ഇപ്പോൾ എട്ടാം സ്ഥാനത്താണ്.

അതെ സമയം ഇന്ത്യയുടെ അവസാന മൂന്ന് മത്സരങ്ങളിൽ മൂന്ന് അർദ്ധ സെഞ്ച്വറികൾ നേടിയ കെ.എൽ രാഹുൽ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്ത് എത്തി. പാകിസ്ഥാനെതിരെയും ന്യൂസിലാൻഡിനെതിരെയും ഫോം കണ്ടെത്താൻ വിഷമിച്ച കെ.എൽ രാഹുൽ അഫ്ഗാനിസ്ഥാൻ, സ്കോട്ലൻഡ്, നമീബിയ എന്നിവർക്കെതിരെ അർദ്ധ സെഞ്ച്വറി നേടിയിരുന്നു.

പാകിസ്ഥാൻ താരം ബാബർ അസം ആണ് ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ട് താരം ഡേവിഡ് മലൻ ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ബൗളർമാരുടെ റാങ്കിങ്ങിൽ ശ്രീലങ്കൻ താരം വനിണ്ടു ഹസരങ്കയാണ് ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ തബ്രീസ് ഷംസിയാണ് രണ്ടാം സ്ഥാനത്ത്. ഓൾ റൗണ്ടറുമാരുടെ റാങ്കിങ്ങിൽ അഫ്ഗാൻ ക്യാപ്റ്റൻ മുഹമ്മദ് നബി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷാകിബ് അൽ ഹസൻ ആണ് രണ്ടാം സ്ഥാനത്ത്.