സലൈവ ബാന്‍ തുടരും, ഏകദിനത്തിലും ഓവര്‍റേറ്റ് പെനാള്‍ട്ടി, ക്രിക്കറ്റിലെ പുതിയ നിയമങ്ങള്‍ അറിയാം

ഒക്ടോബര്‍ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ക്രിക്കറ്റിലെ പുതിയ നിയമങ്ങള്‍ തീരുമാനിച്ച് ഐസിസി. സൗരവ് ഗാംഗുലി നയിക്കുന്ന പുരുഷ ക്രിക്കറ്റ് കമ്മിറ്റിയാണ് ഈ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.

കോവിഡ് കാലത്ത് കൊണ്ടുവന്ന സലൈവ ബാന്‍ തുടരുവാന്‍ ഐസിസി തീരുമാനിച്ചിട്ടുണ്ട്. ബയോ ബബിളുകള്‍ ഇപ്പോള്‍ അനിവാര്യമല്ലെങ്കിലും ബൗളര്‍മാര്‍ പന്തിൽ തുപ്പൽ ഉപയോഗിക്കുന്നത് ഐസിസി തുടര്‍ന്നും വിലക്കിയിട്ടുണ്ട്.

ഏകദിനത്തിലും ടെസ്റ്റിലും വിക്കറ്റ് വീണ ശേഷം എത്തുന്ന പുതിയ ബാറ്റ്സ്മാന് 3 മിനുട്ട് സമയം സ്ട്രൈക്ക് എടുക്കുന്നതിന് മുമ്പ് അനുവദിച്ചിട്ടുണ്ടായിരുന്നുവെങ്കിൽ അതിപ്പോള്‍ രണ്ട് മിനുട്ടാക്കി കുറച്ചിട്ടുണ്ട്. ടി20യിൽ 90 സെക്കന്‍ഡ് എന്ന സമയം മാറ്റാതെ നിലനിര്‍ത്തിയിട്ടുണ്ട്.

പന്തെറിയുവാന്‍ ബൗളര്‍ ഓടിയെത്തുമ്പോള്‍ ഫീൽഡിംഗ് സൈഡിൽ നിന്ന് തെറ്റായതോ അറിഞ്ഞുകൊണ്ടോയുള്ള മൂവ്മെന്റ് വരികയാണെങ്കിൽ അത് അഞ്ച് റൺസ് പെനാള്‍ട്ടിയ്ക്ക് കാരണം ആകും.

ജനുവരി 2022ൽ ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ കൊണ്ടുവന്ന ഓവര്‍ റേറ്റ് പെനാള്‍ട്ടി ഏകദിനത്തിലേക്കും കൊണ്ടു വരും. ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് സൂപ്പര്‍ ലീഗ് 2023 പൂര്‍ത്തിയാക്കിയ ശേഷം ആവും ഈ നിയമം പ്രാബല്യത്തിൽ വരിക.