2023ലെ ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി കളിക്കാൻ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് മുൻ ഇന്ത്യൻ താരം ശ്രീശാന്ത്. ഐ.പി.എല്ലിൽ വാതുവെപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് ബി.സി.സി.ഐ ഏർപ്പെടുത്തിയ 7 വർഷത്തെ വിലക്ക് വരുന്ന സെപ്റ്റംബറിൽ കഴിയാഞ്ഞിരിക്കെയാണ് ശ്രീശാന്തിന്റെ പ്രതികരണം. 2023ലെ ലോകകപ്പിന്റെ സമയത്ത് ശ്രീശാന്തിന്റെ പ്രായം 40ൽ എത്തും.
യാഥാർഥ്യ ബോധമില്ലാത്ത ലക്ഷ്യങ്ങൾ ഇല്ലെങ്കിൽ താൻ സാധാരണക്കാരനായിപ്പോവുമെന്ന് തന്റെ ട്രെയിനർ ഠിം ഗ്രോവർ തന്നെ പഠിപ്പിച്ചിട്ടുണ്ടെന്നും ഇങ്ങനെയുള്ള ലക്ഷ്യങ്ങൾ സ്വപനം കണ്ടാൽ വലിയ കാര്യങ്ങൾ സംഭവിക്കുമെന്നും ശ്രീശാന്ത് പറഞ്ഞു. തന്റെ ശാരീരിക ക്ഷമതയെ കുറിച്ച് തനിക്ക് പേടിയില്ലെന്നും വിഷാദകരമായ ഘട്ടങ്ങൾ ഒഴിവാക്കാൻ താൻ ഇപ്പോഴും ജോലികളിൽ മുഴുകാറുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.
കഴിഞ്ഞ ദിവസം വിലക്ക് കഴിഞ്ഞ് ഫിറ്റ്നസ് തെളിയിച്ചാൽ ശ്രീശാന്തിനെ കേരളത്തിന്റെ രഞ്ജി ടീമിലേക്ക് പരിഗണിക്കുമെന്ന് പരിശീലകൻ ടിനു യോഹന്നാനും കേരള ക്രിക്കറ്റ് അസോസിയേഷനും വ്യക്തമാക്കിയിരുന്നു. 2011ലാണ് ശ്രീശാന്ത് അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്.