ഹരാരെ: ട്രൈ-സീരീസ് ടി20 ഫൈനലിൽ ദക്ഷിണാഫ്രിക്ക പ്രവേശിച്ചു. സിംബാബ്‌വെയ്ക്കെതിരെ ഹരാരെ സ്പോർട്സ് ക്ലബ്ബിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ ആധികാരിക വിജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. റൂബിൻ ഹെർമന്റെ വെടിക്കെട്ട് അർദ്ധ സെഞ്ച്വറിയും റാസ്സി വാൻ ഡെർ ഡസ്സന്റെ മികച്ച പ്രകടനവുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് വിജയം സമ്മാനിച്ചത്.
സിംബാബ്‌വെയുടെ 144 റൺസ് വിജയലക്ഷ്യം 16 പന്തുകൾ ബാക്കിനിൽക്കെ പ്രോട്ടിയാസ് മറികടന്നു. ഈ തോൽവിയോടെ സിംബാബ്‌വെ ടൂർണമെന്റിൽ നിന്ന് പുറത്തായി, ഫൈനലിൽ ദക്ഷിണാഫ്രിക്ക ന്യൂസിലൻഡിനെ നേരിടും.
145 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം പാളി. ഓപ്പണർമാരായ ലുവൻ-ഡ്രെ പ്രിട്ടോറിയസിനെയും റീസ ഹെൻഡ്രിക്സിനെയും സിംബാബ്‌വെ പേസർ ടിനോടെൻഡ മാപോസ നേരത്തെ പുറത്താക്കി. 28 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിൽ നിന്നാണ് ഹെർമനും വാൻ ഡെർ ഡസ്സനും ചേർന്ന് 106 റൺസിന്റെ വിജയകരമായ കൂട്ടുകെട്ട് കെട്ടിപ്പടുത്തത്. 36 പന്തിൽ മൂന്ന് ബൗണ്ടറികളും നാല് സിക്സറുകളും സഹിതം 63 റൺസെടുത്ത ഹെർമൻ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ചപ്പോൾ, വാൻ ഡെർ ഡസ്സൻ 41 പന്തിൽ 52* റൺസുമായി ഉറച്ച പിന്തുണ നൽകി.