കോവിഡിന് ശേഷം ഫിറ്റ്നെസ്സ് പ്രശ്നങ്ങള്‍ നേരിട്ടു – ഹെയിന്‍റിച്ച് ക്ലാസ്സെന്‍

Sports Correspondent

ഡിസംബര്‍ മൂന്നിന് കോവിഡ് ബാധിതന്‍ ആയ ഹെയിന്‍റിച്ച് ക്ലാസ്സെന്‍ താന്‍ കോവിഡാനന്തരം നേരിട്ട ബുദ്ധിമുട്ടുകളുടെ വിശദാംശങ്ങള്‍ അടുത്തിടെ മാധ്യമങ്ങളുമായി പങ്കുവെച്ചിരുന്നു. ഏകദേശം രണ്ട് മാസത്തേക്ക് താന്‍ വളരെ അധികം ബുദ്ധിമുട്ടിയിരുന്നുവെന്നും കോവിഡ് മാറിയ ശേഷവും തന്നെ പരിശീലനത്തിലടക്കം വല്ലാതെ ബാധിക്കുകയായിരുന്നുവെന്നും ക്ലാസ്സെന്‍ പറഞ്ഞു.

ആദ്യത്തെ 16-17 ദിവസം താന്‍ തീരെ അസുഖബാധിതനായിരുന്നുവെന്നും അതിനാല്‍ പൂര്‍ണ്ണ വിശ്രമത്തിലായിരുന്നുവെന്നും പറഞ്ഞ ക്ലാസ്സെന്‍ താന്‍ ഏറെ ബുദ്ധിമുട്ടിയത് പരിശീലനം പുനരാരംഭിച്ചപ്പോളാണെന്നും വ്യക്തമാക്കി.

തനിക്ക് 20-30 മീറ്റര്‍ ഓടുവാന്‍ പോലും സാധിച്ചില്ലെന്നും അപ്പോളേക്കും തന്റെ ഹൃദയനിരക്ക് വലിയ തോതില്‍ ഉയരുന്നത് തനിക്ക് മനസ്സിലാക്കാനാകുമായിരുന്നുവെന്നും ക്ലാസ്സെന്‍ വ്യക്തമാക്കി. തന്റെ ഹൃദയ നിരക്ക് നിയന്ത്രണത്തിലെത്തിക്കുവാന്‍ തന്നെ തനിക്ക് ഏറെ സമയം എടുത്തുവെന്നും രണ്ട് മൂന്ന് മാസം കാര്യമായിട്ട് ഒന്നും ചെയ്യാനാകാതെ വീട്ടില്‍ വെറുതെ ഇരിക്കുക എന്നത് മാനസ്സികമായും ഏറെ ബുദ്ധിമുട്ടുണ്ടാക്കിയ കാര്യമാണെന്നും ക്ലാസ്സെന്‍ വ്യക്തമാക്കി.